ജെ.എന്‍.യുവില്‍ എ.ബി.വി.പി ഗുണ്ടാക്രമണം; യൂണിയന്‍ പ്രസിഡന്റ് ഉള്‍പ്പടെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്ക്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നഹ്‌റു സര്‍വ്വകാലശാലയില്‍ പൗരത്വ നിയമ പ്രതിഷേധവും ഫീസ് വര്‍ദ്ധനയുമടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം തുടരുന്ന വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെ എബിവിപി ഗുണ്ടകളുടെ അഴിഞ്ഞാട്ടം. ഇരുമ്പു ദണ്ഡും മറ്റു മാരകായുധങ്ങളുമായി വനിത ഹോസ്റ്റലിലടക്കം അതിക്രമിച്ച കടന്ന ആക്രമികള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആക്രമിച്ചു.

ജെ.എന്‍.യു യുണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷിന് നേരെ ക്രൂര മര്‍ദ്ദനമാണുണ്ടായത്‌. മാരക ആയുധങ്ങളുമായി കാമ്പസിലേക്ക് പ്രവേശിച്ച എബിവിപി ഗുണ്ടകളാണ് തന്നെ ആക്രമിച്ചതെന്ന് ഐഷെ ഘോഷ് പറഞ്ഞു. സംസാരിക്കാന്‍ പോലും സാധിക്കാത്ത നിലയില്‍ തലയില്‍ നിന്നും രക്തം വാര്‍ന്നൊലിക്കുന്ന നിലയിലാണ് യുവതി. ഡല്‍ഹി പോലീസ് കാമ്പസിനുള്ളിലുണ്ടായിരിക്കെയാണ് യൂണിയന്‍ നേതാവ് കാവി ഭീകരലാല്‍ ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ ഐഷിയെ  ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. 

മുഖം മൂടി ധരിച്ചെത്തിയ അന്‍പതോളം പേരാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചു വിട്ടത്.  അക്രമകാരികളില്‍ പലരും സര്‍വകലാശാലയ്ക്കകത്ത് പ്രവേശിക്കുകയും അക്രമം അഴിച്ചുവിടാന്‍ അനുമതി കാത്ത് നില്‍ക്കുകയുമായിരുന്നുവെന്ന നിരവധി ചിത്രങ്ങളും വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.

തലയോട്ടികള്‍ തകര്‍ക്കാന്‍മാത്രം വലുപ്പമുള്ള കല്ലുകളാണ് അക്രമികള്‍ ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ എറിഞ്ഞതെന്ന് പ്രൊഫസര്‍ അതുല്‍ സൂദ്. അക്രമികള്‍ മുഖം മറച്ചാണ് എത്തിയതെന്നും അവര്‍ എന്‍.ഡി ടി.വിയോട് പറഞ്ഞു

ഹോസ്റ്റലില്‍ ഉള്‍പ്പെടെ സംഘം അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥികളെ അക്രമിക്കുകയാണ്. ചുറ്റികയും മറ്റു മാരകായുധങ്ങളുമായാണ് മുഖം മൂടിയണിഞ്ഞ സംഘം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും മര്‍ദ്ദിക്കുന്നത്. ഡല്‍ഹി പോലീസ് ഇതിനെതിരെ ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് സമീപം അധ്യാപക സംഘടന നടത്തിയ പ്രതിഷേധ പരിപാടിക്കിടെയായിരുന്നു ആക്രമണം. അക്രമി സംഘത്തിൽ പെൺകുട്ടികളടക്കം ഉണ്ടായിരുന്നു. മാരകായുധങ്ങളുമായാണ് ഇവര്‍ ആക്രമിച്ചത്.

സ‍ര്‍വ്വകലാശാലയിലെ മറ്റൊരു എസ്എഫ്ഐ നേതാവ് സൂരിയടക്കം നിരവധി വിദ്യാര്‍ത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം അടക്കമുള്ള വിഷയങ്ങളിൽ നാളുകളായി സര്‍വകലാശാലയിൽ സമരം നടക്കുന്നുണ്ടായിരുന്നു. ഇന്ന് അധ്യാപകരും പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.  50 ഓളം ഗുണ്ടകൾ കാമ്പസിൽ തുടരുന്നുവെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. സര്‍വകലാശാലയിലെ ജീവനക്കാര്‍ക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.