ഗാന്ധിക്കു പകരം ഗോഡ്‌സേയുടെ ഫോട്ടോ വെച്ച് കറന്‍സി പുറത്തിറക്കി


മഹാത്മാ ഗാന്ധിക്ക് പകരം നാഥുറാം വിനായക് ഗോഡ്സെയുടെ പടം പത്തുരൂപ നോട്ടില്‍ വെച്ച് എ.ബി.വി.പി നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മധ്യപ്രദേശിലെ സിന്ധി ജില്ലയിലെ എ.ബി.വി.പിക്കാരനായ ശിവം ശുക്ലയാണ് ഗോഡ്സെയുടെ 111ാം ജന്മദിനമായ മെയ് 19ന് കറന്‍സിയിലെ ചിത്രം മാറ്റി ഫേസ്ബുക്കിലിട്ടത്. ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിദ്ധി കോട്ട്വാലി പൊലീസ് സ്റ്റേഷനില്‍ മിശ്ര എന്നയാള്‍ പരാതി നല്‍കിയിട്ടുണ്ട്.

ഗാന്ധി അനുയായികളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും കാണിച്ചാണ് സിദ്ധി ജില്ലയിലെ എ.ബി.വി.പി ജനറല്‍ സെക്രട്ടറിയായ ശിവം ശുക്ലക്കെതിരെ മിശ്ര പരാതി നല്‍കിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ മുസ്ലിംകള്‍ക്കും കോണ്‍ഗ്രസിനുമെതിരെ നിരന്തരം ദുരാരോപണങ്ങള്‍ ശിവം ശുക്ല നടത്താറുണ്ടെന്നും ബി.ജെ.പി എം.പി റിതി പഥകിന്റെയും ആര്‍.എസ്.എസിന്റേയും പിന്തുണയാണ് ഇയാളുടെ ബലമെന്നും പരാതിക്കാരനായ മിശ്ര ആരോപിക്കുന്നു.

പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നും നടപടി സ്വീകരിക്കുമെന്നുമാണ് കോട്ട്വാലി പൊലീസ് സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചിട്ടുള്ളത്. അതേസമയം ശിവം ശുക്ലയെ അറിയില്ലെന്നാണ് എം.പി റിതി പഥക് പറഞ്ഞതെന്ന് ദ ക്വിന്റെ റിപ്പോര്‍ട്ടു ചെയ്യുന്നു.

‘ഞാന്‍ ഈ പോസ്റ്റ് കണ്ടിട്ടില്ല. ആരെങ്കിലും അങ്ങനെയൊന്ന് ഇട്ടിട്ടുണ്ടെങ്കില്‍ പ്രോത്സാഹിപ്പിക്കാനാകില്ല. എനിക്ക് ഇയാളെ അറിയില്ല. നേതാക്കളുമൊത്തുള്ള പടങ്ങള്‍ നിരവധി പാര്‍ട്ടിക്കാര്‍ ഫേസ്ബുക്കിലിടാറുണ്ട്. അത്തരമൊരാളാണ് ശിവം’-റിതി പഥക് എം.പി പറഞ്ഞു.

യുവാവിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്
SHARE