പൗരത്വ ഭേദഗതി നിയമം: സമരത്തില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എബിവിപി ആക്രമണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരത്തില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എബിവിപി ആക്രമണം. ഡല്‍ഹി സര്‍വകലാശാലയുടെ നോര്‍ത്ത് ക്യാമ്പസില്‍ സമരത്തില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ത്ഥികളെയാണ് എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. കാമ്പസില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ പങ്കെടുക്കരുതെന്ന് ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കാമ്പസില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഇതിന്റെ ഭാഗമായ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് അതിക്രമം. നേരത്തെ മലയാളി വിദ്യാര്‍ത്ഥികളെ എബിവിപി പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പ്രതിഷേധങ്ങളില്‍ കൂടുതലായും പങ്കെടുക്കുന്നത് മലയാളി വിദ്യാര്‍ത്ഥികളാണ്. അതിനാലാണ് ഇവരെ ഭീഷണിപ്പെടുത്തുന്നതും ഇവര്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടാകുന്നതും. ആക്രമണങ്ങളുടെ സാഹചര്യത്തില്‍ ഒറ്റയ്ക്ക് സഞ്ചരിക്കരുതെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മലയാളി വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ അറിയിച്ചു.

മദ്രാസ് സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥികളുടെ അനിശ്ചിതകാല സമരം തുടരുകയാണ്. സമരത്തിന് നേതൃത്വം നല്‍കിയ രണ്ട് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിട്ടയക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പൊലീസ് ഉറപ്പ് നല്‍കി. എന്നാല്‍ പൗരത്വ നിയമ ഭേദഗതി റദ്ദാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന ഉറച്ച നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.

SHARE