പീഡിപ്പിക്കാന്‍ ശ്രമിച്ച അമ്മയുടെ സുഹൃത്തിനെ 19 കാരി മര്‍ദിച്ച് കൊലപ്പെടുത്തി

മുംബൈ: പീഡിപ്പിക്കാന്‍ ശ്രമിച്ച അമ്മയുടെ സുഹൃത്തിനെ 19കാരി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. 53കാരനെയാണ് യുവതി മര്‍ദിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. വീട്ടില്‍ അമ്മയില്ലാത്ത സമയത്തായിരുന്നു അതിക്രമം.

ഭര്‍ത്താവിനൊപ്പം താനെയിലായിരുന്ന യുവതി കഴിഞ്ഞമാസമാണ് നാട്ടിലെത്തിയത്. ഗര്‍ഭിണിയായിരുന്ന യുവതി ഇതിനിടെ പ്രസവിക്കുകയും ചെയ്തു. തുടര്‍ന്ന് അമ്മയുടെ കൂടെയായിരുന്നു താമസം. അമ്മയുടെ കൂടെ താമസിച്ച സുഹൃത്താണ് യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. പീഡന ശ്രമം തടഞ്ഞ 19കാരി ഇയാളുടെ ജനനേന്ദ്രിയത്തിലടക്കം ചവിട്ടി രക്ഷപ്പെട്ടു എന്ന് പൊലീസ് പറയുന്നു.

എന്നാല്‍, പ്രകോപിതനായ ഇയാള്‍ യുവതിയെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നാലെ കുഞ്ഞിനെ രക്ഷപ്പെടുത്തിയ യുവതി ഇയാളെ മര്‍ദിച്ച് അവശനാക്കുകയായിരുന്നു. പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തുവെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

SHARE