രാജകീയ പ്രൗഢിയോടെ രാജസ്ഥാന്‍ കോട്ട

സക്കീര്‍ താമരശ്ശേരി

കൊട്ടാരങ്ങളുടെയും കോട്ടകളുടെയും നാടായ രാജസ്ഥാനില്‍ ചുട്ടുപൊള്ളുന്നുണ്ട് തെരഞ്ഞെടുപ്പ് രംഗം. കോണ്‍ഗ്രസിനെയും ബി.ജെ.പിയേയും മാറിമാറി തുണയ്ക്കുന്ന പ്രകൃതം. ഇത്തവണയും ആ മനോഭാവം തുടര്‍ന്നാല്‍ കോണ്‍ഗ്രസിനാണ് ഊഴം. 2014ല്‍ കോണ്‍ഗ്രസ് കടപുഴകി. 25 സീറ്റും സ്വന്തമാക്കിയത് ബി.ജെ.പി. എന്നാല്‍ 2009 ല്‍ ചിരിച്ചത് കോണ്‍ഗ്രസ്-20 സീറ്റ്. ബി.ജെ.പിക്ക് നാല് മാത്രം. ഒരു സീറ്റ് സ്വതന്ത്രനും. 2004 ല്‍ കാര്യങ്ങള്‍ നേരെ മറിച്ച്. ബി.ജെ.പി-21, കോണ്‍ഗ്രസ് -4. കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തരംഗം. ഭരണം നഷ്ടമായ ബി.ജെ.പി നിലനില്‍പ്പിനായുള്ള നെട്ടോട്ടത്തില്‍. പുതുഊര്‍ജ്ജം ലഭിച്ച കോണ്‍ഗ്രസ് ഡ്രൈവിങ് സീറ്റിലും.

രണ്ടുഘട്ടം
ഏപ്രില്‍ 29നും മേയ് ആറിനുമായി രണ്ടുഘട്ടങ്ങളിലായി വോട്ടെടുപ്പ്. ആകെയുള്ള 25 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് സ്‌കോര്‍ ചെയ്തു. ഗ്രൂപ്പുവഴക്കിലും സാമുദായികസമവാക്യങ്ങളിലും കുരുങ്ങി ബി.ജെ.പി. പ്രഖ്യാപിച്ചത് 19 സ്ഥാനാര്‍ത്ഥികളെ മാത്രം. ആറു സീറ്റുകളില്‍ തര്‍ക്കം തുടരുന്നു. മക്കള്‍ രാഷ്ട്രീയവും അരങ്ങുവാഴുന്നുണ്ടിവിടെ. മുന്‍മുഖ്യമന്ത്രി വസുന്ധര രാജസിന്ധ്യയുടെ മകന്‍ ദുഷ്യന്ത് ബി.ജെ.പി ടിക്കറ്റില്‍ ജലാവറില്‍ അങ്കത്തിറങ്ങുന്നു. കോണ്‍ഗ്രസിനായി ജോധ്പുരില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ മകന്‍ വൈഭവും ബാമേറില്‍ മുന്‍ പ്രതിരോധമന്ത്രി ജസ്വന്ത് സിങിന്റെ മകന്‍ മാനവേന്ദ്രസിങും. 25 സീറ്റിലും പോരിനിറങ്ങുന്ന ബി.എസ്.പി ആള്‍വാര്‍, കോട്ട, ഝാലവാര്‍-ബാരന്‍, ഉദയ്പൂര്‍, അജ്മീര്‍ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റ് നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് മായാവതിയുടെ പാര്‍ട്ടി. എന്നാല്‍ മുന്‍ എം.എല്‍.എയും മുതിര്‍ന്ന നേതാവുമായ മൗലാന ജമീല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ബി.എസ്.പിയെ ഞെട്ടിച്ചു.

സെമിഫൈനലിലെ താരം
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയം കോണ്‍ഗ്രസിന്. ബി.ജെ.പിയെ മലര്‍ത്തിയടിച്ച് 100 സീറ്റ്. ബി.ജെ.പി 73 സീറ്റിലൊതുങ്ങി. അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രി. നിയമസഭയില്‍ ജയിക്കുന്ന പാര്‍ട്ടി ലോക്‌സഭയിലും കൂടുതല്‍ സീറ്റുകള്‍ നേടുന്നതാണ് രാജസ്ഥാനില്‍ 20 വര്‍ഷമായുള്ള രാഷ്ട്രീയചിത്രം. ഇത്തവണ കോണ്‍ഗ്രസ് 20 സീറ്റുവരെ നേടുമെന്നാണ് പ്രവചനം. 2018 ആദ്യം നടന്ന അല്‍വാര്‍, അജ്മീര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിലെ വിജയം കോണ്‍ഗ്രസിന് ആത്മവിശ്വാസം കൂട്ടുന്നു. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ സിറ്റിങ് സീറ്റായ രാംഗഢ് പിടിച്ചെടുക്കാനും പാര്‍ട്ടിക്കായി. ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തില്‍ കോണ്‍ഗ്രസ് മുന്നേറിക്കഴിഞ്ഞു. വ്യവസായി റിജു ജുന്‍ജുന്‍വാല (അജ്മീര്‍), ഭരത്രം മേഘ്‌വാള്‍ ( ശ്രീഗംഗനഗര്‍), ദേവ്കിനാനന്ദന്‍ ഗുര്‍ജാര്‍ (രാജ്‌സമന്ദ്), രാംപാല്‍ ശര്‍മ (ബില്‍വാര) സീറ്റുകളിലാണ് ഒടുവില്‍ പ്രഖ്യാപനം നടത്തിയത്.

ജാതിരാഷ്ട്രീയം
ജനവിധി നിര്‍ണയിക്കുന്നതില്‍ മുഖ്യപങ്ക് ജാതിക്ക് തന്നെ. ജാട്ട്, രജ്പുത്, ഗുജ്ജര്‍, മീണ, ബ്രാഹ്മണര്‍ നിര്‍ണായകം. ജനസംഖ്യയിലെ 89 ശതമാനം ഹിന്ദുക്കളാണ്. ഒന്‍പത് ശതമാനം മുസ്‌ലിംകള്‍. അവശേഷിക്കുന്ന രണ്ടുശതമാനം സിക്കുകാരും ജൈനമതവിശ്വാസികളും. 18 ശതമാനം പട്ടികജാതി വിഭാഗക്കാരും 13ശതമാനം പട്ടികവര്‍ഗ വിഭാഗങ്ങളുമാണ്. തെരഞ്ഞെടുപ്പുകാലത്ത് വികസനം അടക്കമുള്ള വിഷയങ്ങളെ പിന്തള്ളി ഈ മണ്ണില്‍ ജാതിരാഷ്ട്രീയം മുന്‍സീറ്റ് കൈയടക്കും. അഞ്ചുശതമാനം സംവരണം ആവശ്യപ്പെട്ട് ഗുജ്ജര്‍ സമുദായം നടത്തിയ പ്രക്ഷോഭം ബി.ജെ.പിക്കും കോണ്‍ഗ്രസിനുമുണ്ടാക്കിയ തലവേദന ചില്ലറയല്ല. രക്തസാക്ഷികളായത് 73 പേര്‍. 21 ജില്ലകളില്‍ ഗുജ്ജറുകളുടെ നിറഞ്ഞ സാന്നിധ്യമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മിന്നും വിജയത്തിന് ഗുജ്ജര്‍ വോട്ടുകള്‍ നിര്‍ണായകമായി. സംവരണത്തിന്റെ പേരില്‍ അടുത്തിടെ ഗുജ്ജറുകള്‍ സമ്മര്‍ദം ശക്തമാക്കിയെങ്കിലും ജാഗ്രതയോടെയുള്ള കോണ്‍ഗ്രസിന്റെ ഇടപെടല്‍ പ്രശ്‌നമൊഴിവാക്കി. ബജറ്റ് സമ്മേളനത്തില്‍ സംവരണബില്‍ അവതരിപ്പിച്ച് പാസാക്കുകയായിരുന്നു. കാലിക്കടത്തിന്റെ പേരിലുണ്ടായ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ന്യൂനപക്ഷ സമുദായങ്ങളില്‍ ബി.ജെ.പിക്കെതിരായ വികാരം ആളിക്കത്തുന്നുണ്ട്.

ഗെഹ്‌ലോട്ട് മാജിക്
ജനക്ഷേമ പദ്ധതികളിലൂടെയും വേഗത്തില്‍ തീരുമാനങ്ങള്‍ എടുത്തും ജനമനസില്‍ ഇടംപിടിച്ചു ഗെഹ്‌ലോട്ടും സംഘവും. അധികാരത്തിലേറിയതിന് പിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി കര്‍ഷകരെ കയ്യിലെടുത്തു. കടമില്ലാരേഖകളുടെ വിതരണത്തിന് എല്ലാ ജില്ലകളിലും സര്‍ക്കാര്‍ക്യാമ്പുകള്‍ തുടങ്ങി. രണ്ടു ലക്ഷത്തില്‍ താഴെ വാര്‍ഷികവരുമാനമുള്ള കുടുംബങ്ങളിലെ യുവതികള്‍ക്ക് 3,500 രൂപയും യുവാക്കള്‍ക്ക് 3,000 രൂപയും തൊഴില്‍രഹിത വേതനം പ്രഖ്യാപിച്ചു. ക്ഷീരകര്‍ഷകര്‍ക്ക് ലിറ്ററിന് രണ്ടുരൂപ സഹായം ഫെബ്രുവരി മുതല്‍ നല്‍കിത്തുടങ്ങി. അഞ്ചു ലക്ഷം പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. മുതിര്‍ന്ന കര്‍ഷകര്‍ക്ക് പ്രതിമാസ പെന്‍ഷനും പെണ്‍കുട്ടികള്‍ക്ക് ഡിഗ്രി, പി.ജി. സൗജന്യ വിദ്യാഭ്യാസവും ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ചു. പഞ്ചായത്തില്‍ മത്സരിക്കാന്‍ വിദ്യാഭ്യാസ യോഗ്യത വെച്ച ബി.ജെ.പി സര്‍ക്കാരിന്റെ നിയമം റദ്ദാക്കി. പഞ്ചായത്തുകളിലെ അടല്‍ സേവാ കേന്ദ്രങ്ങളെ വീണ്ടും രാജീവ്‌സേവാ കേന്ദ്രങ്ങളാക്കി. ബി.ജെ.പി കാവിവത്കരണം നടത്തിയ പാഠപുസ്തകങ്ങളില്‍ മാറ്റംവരുത്താന്‍ രണ്ട് സമിതികളെ നിയോഗിച്ചു.

ഒളിംപ്യന്‍സ് വാര്‍
ജയ്പുര്‍ റൂറല്‍ മണ്ഡലത്തില്‍ ഒളിംപ്യന്മാരുടെ പോരാട്ടമാണ്. കേന്ദ്ര കായിക മന്ത്രിയും ഒളിംപ്യനുമായ രാജ്യവര്‍ധന്‍ സിങ് റാത്തോഡിനെതിരെ കോണ്‍ഗ്രസ് രംഗത്തിറക്കിയത് ഡിസ്‌കസ് താരം ഒളിംപ്യന്‍ കൃഷ്ണ പൂനിയയെ. സാദുല്‍പുരില്‍ നിന്നുള്ള നിയമസഭാംഗമാണ് പൂനിയ. കോമണ്‍വെല്‍ത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം. മൂന്ന് ഒളിംപിക്‌സുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. 2010 കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവ്. 2013 ലാണ് അവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2004ല്‍ ആതന്‍സ് ഒളിമ്പിക്‌സില്‍ ഡബിള്‍ ട്രാപ്പ് ഷൂട്ടിങ്ങില്‍ വെള്ളി നേടിയാണ് റാത്തോഡ് ശ്രദ്ധപിടിച്ചുപറ്റിയത്. രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ സ്വദേശിയായ റാത്തോഡ് ഇന്ത്യന്‍ സൈനികോദ്യോഗസ്ഥനായിരുന്നു. 2013ല്‍ സൈന്യത്തില്‍നിന്ന് വിരമിച്ചശേഷം ബി.ജെ.പി പാളയത്തില്‍. ജയ്പുര്‍ റൂറലില്‍നിന്ന് മത്സരിച്ച് പാര്‍ലമെന്റിലെത്തി. ആദ്യഅവസരത്തില്‍ത്തന്നെ മന്ത്രിയുമായി. 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് വകുപ്പാണ് റാത്തോഡിന് കിട്ടിയത്. മൂന്നുവര്‍ഷത്തിനുശേഷം തന്റെ മേഖലയായ കായികരംഗത്തിന്റെ മന്ത്രിയായി.

ഗീര്‍വാണം
മൂന്ന് മണ്ഡലങ്ങളില്‍ പേരിന് മാത്രം പോരിനിറങ്ങുന്നുണ്ട് സി.പി.എം. മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള നീക്കം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ വിജയിച്ചെന്ന കാരണമാണ് പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നത്. സിക്കാര്‍, ബിക്കാനീര്‍, ചുരു എന്നിവിടങ്ങളിലാണ് മല്‍സരം. സിക്കാറില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ അമ്രാ റാം ആണ് സ്ഥാനാര്‍ത്ഥി. ബിക്കാനീറില്‍ ഷിയോപത് റാമും മല്‍സരിക്കും. ചുരുവില്‍ സ്ഥാനാര്‍ത്ഥിയായിട്ടില്ല. ബി.ജെ.പിക്കും ജീവന്‍മരണ പോരാട്ടമാണ്. ബി.ജെ.പിയില്‍ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്കും വിമത ഭീഷണികളും തിരിച്ചടിയാവും. അഞ്ച് തവണ എം.എല്‍.എയും മന്ത്രിയുമായിരുന്ന ഗന്‍ശ്യാം തിവാരിയും മുന്‍ സംസ്ഥാന ജലവിഭവ മന്ത്രി സുരേന്ദ്ര ഗോയലും ഉള്‍പ്പെടെ അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്നവര്‍ നിരവധി. കര്‍ഷകര്‍ക്കായി കൈനിറയെ പദ്ധതികള്‍ നടപ്പാക്കിയെന്ന മോദിയുടെ അവകാശവാദത്തെ രാജസ്ഥാനിലെ കര്‍ഷകര്‍ പൊളിച്ചടക്കുന്നു. നോട്ടുനിരോധനവും ജി.എസ്.ടിയും ചില്ലറ വില്‍പ്പന മേഖലയെ സാരമായി ബാധിച്ചു. കച്ചവടക്കാര്‍ക്കിടയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ വികാരമുണ്ട്. അതും സംസ്ഥാനത്ത് ബി.ജെ.പിക്ക് തിരിച്ചടിയായി നില്‍ക്കുന്നു. ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കിയെന്ന് അവകാശപ്പെടുമ്പോഴും തൊഴില്‍ ലഭിക്കാത്ത ബിരുദവും ബിരുദാന്തരബിരുദവുമുള്ള ആയിരക്കണക്കിന് ചെറുപ്പക്കാര്‍ കൂലിപ്പണിയെടുക്കുന്നു.

SHARE