മാധ്യമ രാമന്‍


ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയായ നാല്‍പതിനായിരം കോടിയുടെ റഫാല്‍ യുദ്ധ വിമാന ഇടപാടാണ് നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. രാജ്യത്തെ ഉന്നത ഭരണനേതൃത്വത്തിലുപരി രാജ്യത്തെ വലിയ കുത്തക കമ്പനിയായ റിലയന്‍സ് കമ്പനിക്ക് വന്‍തോതില്‍ സാമ്പത്തിക സഹായം ചെയ്തുകൊടുത്തതാണ് ഇതിന്റെ പ്രത്യേകത. ദ് കാരവന്‍ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമാണ് റഫാല്‍ കോഴക്കഥ പുറത്തുകൊണ്ടുവന്നതെങ്കില്‍ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കിയത് നരസിംഹന്‍ റാം എന്ന സമുന്നത മാധ്യമ പ്രവര്‍ത്തകനാണ്.
പ്രതിരോധവകുപ്പ് സെക്രട്ടറിയായിരുന്ന ജി. മോഹന്‍കുമാര്‍ ഔദ്യോഗിക രേഖയില്‍ എഴുതിയ ഒരു കുറിപ്പാണ് റഫാല്‍ വിവാദം ഉച്ചസ്ഥായിയില്‍ എത്തിച്ചതെങ്കില്‍ ആ രേഖ വെളിച്ചം കണ്ടത് ദ് ഹിന്ദു പത്രത്തില്‍ എന്‍.റാമിന്റെ തൂലികയിലൂടെയായിരുന്നു. ഇതോടെ രാജ്യത്തെ പ്രമാദമായ രണ്ടാമത്തെ അഴിമതിക്കഥയാണ് റാമിലൂടെ ലോകം വായിച്ചറിഞ്ഞത്. പ്രധാനമന്ത്രിയുടെ ഓഫീസ് (അഥവാ പ്രധാനമന്ത്രി) ഇടപാടില്‍ അവിഹിതമായി ഇടപെട്ടുവെന്നും അത് നിലവിലെ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് മോഹന്‍ കുമാറിന്റെ വിവാദമായ കുറിപ്പ്. ഈ രേഖ ദ് ഹിന്ദുവും എന്‍.ഐ.എയും മോഷ്ടിച്ചാണ് പ്രസിദ്ധീകരിച്ചതെന്നാണ് ഫെബ്രുവരി 6ന് കേസിന്റെ പുനര്‍വിചാരണ നടക്കവെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. ഇതോടെയാണ് കഴിഞ്ഞ വാരം മുഴുവന്‍ മുഖ്യധാരാ, സാമൂഹിക മാധ്യമങ്ങളില്‍ എന്‍. റാമും അദ്ദേഹത്തിന്റെ വാക്കുകളും നിറഞ്ഞുനിന്നത്. ദൈവം തെറ്റു ചെയ്താലും താന്‍ ചോദ്യം ചെയ്യുമെന്നെഴുതിയ പത്രപ്രവര്‍ത്തക കുലപതി സ്വദേശാഭിമാനി രാമ കൃഷ്ണപിള്ളയുടെ വാക്കുകളാണ് റാമിലൂടെ വായനാലോകം വായിച്ചറിഞ്ഞത്. ഭൂമിയിലെ ഒരു ശക്തി ആവശ്യപ്പെട്ടാലും തനിക്ക് ലഭിച്ച രേഖയുടെ ഉറവിടം വെളിപ്പെടുത്തില്ലെന്ന റാമിന്റെ വാക്കുകള്‍ ദിഗന്ധങ്ങളില്‍ പ്രതിധ്വനിച്ചു. രേഖ മോഷ്ടിച്ചതാണെന്നും സര്‍ക്കാര്‍ കേസെടുക്കുമെന്നും അഡ്വ. ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രീംകോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞതാണ് റാമിനെ ചൊടിപ്പിച്ചത്.
1989ലാണ് നാലിലൊന്ന് ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ രാജീവ്ഗാന്ധി സര്‍ക്കാരിനെ പിടിച്ചുലച്ച ബോഫോഴ്‌സ് തോക്കിടപാട് നടന്നതും അത് കോഴ വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടതും. സര്‍ക്കാരിന് ആ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിരിക്കേണ്ടിവന്നുവെന്ന് മാത്രമല്ല, പിന്നീടൊരിക്കലും കോണ്‍ഗ്രസിന് രാജ്യത്ത് ഒറ്റക്ക് ഭരിക്കാനുള്ള ശേഷി ഇല്ലാതെയും വന്നു. എന്‍. റാമും ചിത്രസുബ്രമണ്യവുമാണ് ബോഫോഴ്‌സ് പ്രശ്‌നം വാര്‍ത്തയാക്കിയതെങ്കില്‍, ഇന്ന് അതിന്റെ ക്രെഡിറ്റ് ദ് ഹിന്ദുവിനും അതിന്റെ ചെയര്‍മാന്‍ എന്‍.റാമിനും മാത്രമാണ്. ഇന്ത്യയിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ഉസ്താദായി അറിയപ്പെടുന്നത് പിന്നീട് കേന്ദ്രമന്ത്രിയും ഇപ്പോള്‍ ബി.ജെ.പി വിമത നേതാവുമായ അരുണ്‍ ഷൂരിയാണ്. അദ്ദേഹത്തിന്റെ കൈകള്‍ റഫാല്‍ അഴിമതി പുറത്തുകൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ടെന്നത് പരസ്യമാണ്. ഇദ്ദേഹവും മുന്‍ ധനമന്ത്രി യശ്വന്ത്‌സിന്‍ഹയുമാണ് റഫാല്‍ ഇടപാട് കോടതിയിലും സി.ബി.ഐയിലും എത്തിച്ചത്. രണ്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ പങ്ക് ഈ കോഴയുടെ പുറത്താകലിന് പുറകിലുണ്ടെന്ന് കരുതുന്നതില്‍ തെറ്റില്ല. പ്രതിരോധ മന്ത്രാലയത്തിലെ രഹസ്യരേഖ മോഷ്ടിക്കപ്പെട്ടതാണെന്ന എ.ജിയുടെ വാദം കോടതിയില്‍ നിര്‍ണായകമായ നിരീക്ഷണങ്ങള്‍ക്കാണ് വഴിവെച്ചത്. രേഖ സാധുവാണെന്ന ്‌സര്‍ക്കാര്‍ സമ്മതിക്കുന്നതായി അതെന്ന് മാത്രമല്ല, അത് ഔദ്യോഗിക രഹസ്യ നിയമത്തിന്റെ പേരില്‍ കേസെടുക്കാവുന്ന കുറ്റമാണെന്ന് വരെ എ.ജി പറഞ്ഞതാണ് കോടതിയെ ചൊടിപ്പിച്ചത്. ഒരു രേഖ മോഷ്ടിച്ചതാണെന്നതുകൊണ്ട് അതിലെ സത്യം സ്വീകരിക്കരുതെന്നാണോ എന്നും നിയമത്തിന്റെ മറവില്‍ ഒളിച്ചിരിക്കാനാണോ സര്‍ക്കാര്‍ ശ്രമം എന്നും വരെ ചീഫ് ജസ്റ്റിസും ജസ്റ്റിസ് കെ.എം ജോസഫും ആരാഞ്ഞു.
1889ല്‍ ആരംഭിച്ച ദ് ഹിന്ദു ദിനപത്രത്തിന്റെ ഉടമസ്ഥര്‍ കറകളഞ്ഞ മതേതര ദേശീയ വാദികളായ അയ്യങ്കാര്‍ കുടുംബം. 1977ല്‍ പിതാവ് നരസിംഹ അയ്യങ്കാരില്‍ നിന്നാണ് മൂത്ത പുത്രനായ റാം ഫ്രണ്ട്‌ലൈന്‍, ദ് ഹിന്ദു ബിസിനസ്‌ലൈന്‍, സ്‌പോര്‍ട്സ്റ്റാര്‍ എന്നിവയടങ്ങുന്ന ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ പദവി ഏറ്റെടുക്കുന്നത്. 2003 മുതല്‍ 2012 വരെ മുഖ്യപത്രാധിപരായി. ’13 മുതല്‍ ചെയര്‍മാന്‍. അട്ടപ്പാടി സൈലന്റ്‌വാലി വനസംരക്ഷണത്തെക്കുറിച്ച് തുടര്‍വാര്‍ത്തകളെഴുതിയാണ് പശ്ചിമ ഘട്ടത്തിലെ വനമേഖലയിലെ വിവാദ ജലവൈദ്യുതി പദ്ധതി ഇന്ദിരാഗാന്ധിയെക്കൊണ്ട് റദ്ദാക്കിപ്പിച്ചത്. അന്തരിച്ച സൂസന്‍ എന്ന ഇംഗ്ലീഷുകാരിയെുമായുള്ള ദാമ്പത്യത്തില്‍ വിദ്യയാണ് ഏക സന്തതി. വിദ്യ ലണ്ടനില്‍ ദ് ഹിന്ദുവിന്റെ പ്രത്യേക ലേഖിക. രണ്ടാമത് വിവാഹം ചെന്നൈയിലെ പ്രസാധകയായ തിരുവല്ലക്കാരി മറിയം ചാണ്ടിയുമായി. ചെന്നൈയിലും യു.എസ്സിലെ കൊളംബിയ സര്‍വകലാശാലയിലുമായിരുന്നു റാമിന്റെ വിദ്യാഭ്യാസം. പഠനകാലത്തുതന്നെ തോന്നിയ ഇടതുപക്ഷാഭിമുഖ്യം വന്നുവന്ന് സി.പി.എം വേദികളില്‍ നിരന്തരമുള്ള സാന്നിധ്യത്തിലെത്തിയതില്‍ റാം തെറ്റുകാണുന്നില്ല. മുഖ്യമന്ത്രിമാരായ കരുണാനിധിയും എം.ജി.ആറും ജയലളിതയുമായൊക്കെ നല്ല ബന്ധം പുലര്‍ത്തിയെങ്കിലും ജയലളിതയുടെ അവസാന കാലത്ത് അതത്ര ഊഷ്മളമായില്ല. ആ പോരാട്ടം പ്രധാനമന്ത്രി മോദിയില്‍ വരെ എത്തിനില്‍ക്കുന്നു. പത്മഭൂഷന്‍, ശ്രീല ങ്കന്‍ പത്മ ബഹുമതികളും മറ്റും തേടിയെത്തി. അങ്ങനെ 73-ം വയസ്സിലും ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ ഉത്തുംഗതയില്‍നില്‍ക്കുന്ന പേരായി എന്‍.റാം.

SHARE