കമാന്‍ഡര്‍ അഭിനന്ദന്‍ ഇന്നെത്തും ചരിത്ര മുഹൂര്‍ത്തം കാത്ത് ഇന്ത്യ

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ ഭാഗത്തു നിന്നുള്ള വ്യോമാക്രമണം ചെറുക്കുന്നതിനിടെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് ഇന്ത്യക്ക് കൈമാറും. വാഗ ബോര്‍ഡര്‍ വഴിയാണ് ഇന്ത്യക്ക് വിട്ടുനല്‍കുക. അഭിനന്ദന്റെ പിതാവ് എസ്. വര്‍ധമാനും മാതാവ് ഡോക്ടര്‍ ശോഭയും സ്വീകരിക്കാനായി വാഗയിലുണ്ടാകും.

കഴിഞ്ഞ മുപ്പതു മണിക്കൂറായി അഭിനന്ദന്‍ പാകിസ്ഥാന്റെ കൈയിലാണ്. നീണ്ട അനിശ്ചിതത്വത്തിനും പിരിമുറുക്കത്തിനും ശേഷമാണ് വിങ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയക്കാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രഖ്യാപനമുണ്ടാകുന്നത്. പാര്‍ലമെന്റ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്താണ് കസ്റ്റഡിയിലുള്ള വൈമാനികനെ വിട്ടയക്കുമെന്ന പ്രഖ്യാപനം ഇമ്രാന്‍ നടത്തിയത്. റാവല്‍പിണ്ടിയില്‍ നിന്ന് ലാഹോറിലും തുടര്‍ന്ന് വാഗാ അതിര്‍ത്തിയിലും എത്തിച്ച ശേഷം അഭിനന്ദനെ ഇന്ത്യക്ക് കൈമാറുമെന്നാണ് സൂചന. ശേഷം രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവരെ കണ്ടേക്കും.

ജനീവ കണ്‍വന്‍ഷന്‍ മാനിച്ച് വൈമാനികനെ വിട്ടയച്ചാലല്ലാതെ ഒരു തരത്തിലുള്ള ചര്‍ച്ചക്കും ഇന്ത്യ മുതിരില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. 26ന് വ്യോമാതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് പോര്‍വിമാനങ്ങളെ ചെറുക്കുന്നതിനിടെയാണ് മിഗ് 21 വിമാനം ഇന്ത്യക്ക് നഷ്ടമാവുകയും അഭിനന്ദന്‍ പാകിസ്ഥാന്റെ പിടിയിലാകുകയും ചെയ്യുന്നത്.