കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി. ചേര്‍ത്തല പാണാവള്ളി തൃച്ചാറ്റുകുളം നമ്പിപുത്തലത്ത് മുഹമ്മദ് ഷഹീം (31) ആണ് എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ്. ഇയാളെ ചോദ്യം ചെയ്യാനായി അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
അഭിമന്യുവിന്റെ സുഹൃത്തായ അര്‍ജുനെ കുത്തിയത് മുഹമ്മദ് ഷഹിമായിരുന്നു. അഭിമന്യുവിനെ കുത്തി വീഴ്ത്തിയ എറണാകുളം മരട് നെട്ടൂര്‍ മേക്കാട്ട് സഹല്‍ (21) ഇപ്പോഴും ഒളിവിലാണ്. ഇരുവരെയും ഒഴിവാക്കിയാണ് 16 പ്രതികളുള്ള ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രാരംഭ വിചാരണ നടപടികള്‍ ആരംഭിച്ചു.
2018 ജൂലായ് രണ്ടിന് രാത്രി 12.45 നാണ് മഹാരാജാസ് കോളേജിന്റെ പിന്‍വശത്തുള്ള റോഡില്‍ അഭിമന്യുവിനെ കുത്തി വീഴ്ത്തിയത്. എസ്.എഫ്.ഐ പ്രവര്‍ത്തകരായ അര്‍ജുന്‍, വിനീത് എന്നിവര്‍ക്കും കുത്തേറ്റു. ചുവരില്‍ പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.