അഭയകേസ്: രണ്ടാം സാക്ഷിയും കൂറുമാറി

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ രണ്ടാം സാക്ഷിയായ സഞ്ജു പി മാത്യുവും കൂറുമാറി. വിചാരണക്കിടെയാണ് ഇയാള്‍ കൂറുമാറിയത്. കേസിലെ മുഖ്യപ്രതി തോമസ് കോട്ടൂരിന്റെ സ്‌കൂട്ടര്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടിരുന്നുവെന്ന മൊഴിയാണ് സഞ്ജു പി. മാത്യു മാറ്റി പറഞ്ഞത്. കഴിഞ്ഞ ദിവസം ഒന്നാംസാക്ഷി സിസ്റ്റര്‍ അനുപമയും കൂറുമാറിയിരുന്നു.

കേസില്‍ രഹസ്യമൊഴി നല്‍കിയിരുന്ന സാക്ഷിയാണ് സഞ്ജു. കോണ്‍വെന്റിന് സമീപമാണ് സഞ്ജു താമസിച്ചിരുന്നത്. അഭയ കൊല്ലപ്പെടുന്നതിന്റെ തലേദിവസം രാത്രി തന്റെ വീടിന് സമീപത്ത് കേസിലെ മുഖ്യപ്രതി ഫാ. തോമസ് കോട്ടൂരിന്റെ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തിരുന്നത് കണ്ടെന്നായിരുന്നു സഞ്ജു സിബിഐ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. എന്നാല്‍ വിസ്താരവേളയില്‍ അങ്ങനെയൊരു സ്‌കൂട്ടര്‍ കണ്ടിട്ടില്ലെന്നും തോമസ് കോട്ടൂരിന്റെ സ്‌കൂട്ടര്‍ ഏതാണെന്ന് അറിയില്ലെന്നും സഞ്ജു കോടതിയില്‍ പറഞ്ഞു. ഇതോടെ സഞ്ജു കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു.

കേസിലെ 50ാം സാക്ഷിയും അഭയയോടൊപ്പം കോണ്‍വെന്റില്‍ താമസിക്കുകയും ചെയ്തിരുന്ന ആളായിരുന്നു സിസ്റ്റര്‍ അനുപമ. സംഭവ ദിവസം അഭയയുടെ ശിരോവസ്ത്രവും ചെരിപ്പും കോണ്‍വെന്റിലെ അടുക്കളയില്‍ കണ്ടിരുന്നുവെന്ന മൊഴിയാണ് സിസ്റ്റര്‍ അനുപമ മാറ്റിപ്പറഞ്ഞത്. അനുപമയേയും കോടതി കൂറുമാറിയ ആളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ക്കെതിരെയാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍ വിചാരണ തുടരുന്നത്. കേസില്‍ 177 സാക്ഷികളാണ് ഉള്ളത്.

SHARE