കുഴിയാന കുത്തിയാല്‍ വീഴുന്നതല്ല മലപ്പുറം; അബ്ദുറബ്ബ് എം.എല്‍.എ


മലപ്പുറം: ആന കൊലപാതകത്തിന്റെ പേരില്‍ മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ മേനകാ ഗാന്ധിക്കെതിരെ അബ്ദുറബ്ബ് എം.എല്‍.എ. കുഴിയാന കുത്തിയാല്‍ മലപ്പുറം വീഴില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിക്കുന്ന ഭക്ഷണത്തിന്റെ പേരില്‍ ആള്‍ക്കൂട്ട കൊല നടക്കുമ്പോഴോ ഡല്‍ഹിയില്‍ പൗരത്വ നിയമത്തിന്റെ പേരില്‍ നിരപരാധികളായ പാവങ്ങള്‍ കൂട്ടക്കുരുതിക്കിരയായപ്പോഴോ പെട്ടെന്നുണ്ടായ ലോക്ക്ഡൗണ്‍ കാരണം കാല്‍നടയായി കൂട്ടപാലായനത്തിന് നിര്‍ബന്ധിതരായ അതിഥിതൊഴിലാളികള്‍ തെരുവോരങ്ങളില്‍ കുഴഞ്ഞു വീണു മരിച്ചപ്പോഴോ പ്രതികരിക്കാതിരുന്ന മേനകക്ക് പാലക്കാടും മലപ്പുറവും തിരിച്ചറിയാതെ പോയതില്‍ അത്ഭുതമില്ലെന്ന് അബ്ദുറബ്ബ് എം.എല്‍.എ കുറ്റപ്പെടുത്തി.

പാലക്കാട് നടന്ന സംഭവത്തെ മലപ്പുറത്തിന്റെ തലയില്‍ വെച്ചു കെട്ടി ഇവിടം ഭീകര ദേശമാണെന്ന് കൊട്ടിഘോഷിക്കാന്‍ വായ തുറന്നത് മേനകയെ നയിക്കുന്ന വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും വെറുപ്പിന്റെയും സങ്കര രാഷ്ട്രീയത്തിന്റെ നീചഭാവമാണെന്നതാണ് യാഥാര്‍ഥ്യം. വിശ്വാസികള്‍ പരിപാവനമായി കാണുന്ന ക്ഷേത്ര ശ്രീകോവിലില്‍ വരെ അമേധ്യം വിതറി വര്‍ഗീയ കലാപ കാരണമുണ്ടാക്കുകയും പിടിക്കപ്പെടുമ്പോള്‍ മാനസിക രോഗി ചമയുകയും ചെയ്യുന്ന അധമ ചിന്തയുടെ പ്രായോഗിക ഭാവമാണ് മേനകയുടെ പുതിയ ആനക്കഥ.

പശുവായാലും ആനയായാലും അതെല്ലാം രാജ്യത്തെ മുസ്ലീം സാമാന്യത്തിന്റെ വേരറുക്കാനുള്ള ഉപാധിയാക്കി മാറ്റാനുള്ള ത്വര കേന്ദ്രമന്ത്രി പദവിയിലിരുന്ന മേനകയെ പോലെ ഒരാള്‍ക്ക് ഭൂഷണമല്ല. അബ്ദുറബ്ബ് പറഞ്ഞു.

SHARE