സഖാവ് പി.ജയരാജനോട് വീണ്ടും പത്ത് ചോദ്യങ്ങള്‍

മുസ്ലിംങ്ങള്‍ വളരെ പുണ്യദിനമായി കരുതുന്ന ഒരു ദിവസമാണ് ഇന്നത്തെ ബറാഅത്ത് ദിനം. വളരെ യാദൃഛികം എന്നു പറയട്ടെ പുതുതായി ആരംഭിച്ച True Copythink എന്ന ഓണ്‍ലൈന്‍ മീഡിയയില്‍ എന്റെ സുഹൃത്ത് ത്വാഹ മാടായി സി പി എം നേതാവ് സഖാവ് പി.ജയരാജനുമായി നടത്തിയ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഇന്റര്‍വ്യൂ കാണാനിടയായി.

സഖാവിന്റെ സ്വതസിദ്ധമായ ശൈലിയില്‍ കിട്ടിയ ഒരവസരം മുസ്ലിം ലീഗിനെ വിമര്‍ശിക്കാനും ഇന്റര്‍വ്യൂ യില്‍ അദ്ധേഹം ശ്രമിച്ചു.രാജ്യവ്യാപകമായി ഹൈന്ദവ വര്‍ഗീയ വാദികള്‍ നടത്തികൊണ്ടിരിക്കുന്ന മുസ്ലിം വിരുദ്ധതയുടെ കേരളീയ മാതൃകയാണ് 1971ലെ തലശ്ശേരി കലാപമെന്നും ആ കലാപം രൂപപ്പെടുത്തിയെടുക്കുന്നതില്‍ മുസ്ലിം ലീഗ് സഹായകമായ നിലപാടാണ് എടുത്തത് എന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.

67ലെ ഇ എം എസ് മന്ത്രിസഭയുടെ കാലത്ത് മലപ്പുറം ജില്ല രൂപീകരിച്ചതും അന്ന് ആഭ്യന്തര വകുപ്പ് കയ്യാളിയിരുന്ന മുസ്ലിം ലീഗ് പോലീസില്‍ നടത്തിയ അനാവശ്യമായ ഇടപെടലുകളും ഹിന്ദുക്കളുടെ ഇടയില്‍ മുസ്ലിം വിരുദ്ധ മനോഭാവം വളര്‍ത്തുന്നതിന് ഞടട പ്രയോജനപ്പെടുത്തി എന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.എന്നാല്‍ എപ്പോഴും മുസ്ലിം സംരക്ഷകരായി ചമയുന്ന സി പി എം തലശ്ശേരി കലാപ വേളയിലും മുസ്ലിംങ്ങളുടെ സംരക്ഷണത്തിന് വേണ്ടി നിലകൊണ്ടുവെന്ന് സ്ഥാപിച്ചെടുക്കാന്‍ സഖാവ് ജയരാജന്‍ വല്ലാതെ ശ്രമിക്കുകയുണ്ടായി.

ഒരാഴ്ച നീണ്ടു നിന്ന കലാപത്തില്‍ ഒട്ടനേകം വീടുകളും കടകളും കൊള്ളയടിക്കപ്പെടുകയും പള്ളികള്‍ അഗ്‌നിക്കിരയാക്കപ്പെടുകയും ചെയ്തുവെങ്കിലും ഒരാള്‍ മാത്രമാണ് മരണപ്പെട്ടത് എന്നും അങ്ങനെ കൊല്ലപ്പെട്ട യു.കെ കുഞ്ഞിരാമന്‍ കലാപത്തിലെ രക്തസാക്ഷിയാണെന്നും സഖാവ് സമര്‍ത്ഥിക്കുകയുണ്ടായി.എന്നാല്‍ സഖാവ് താഴെ പറയുന്ന ചില ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരം പറയേണ്ടിയിരിക്കുന്നു.

  1. 1971 ഡിസംബര്‍ 30, 31 ജനുവരി 1,2 തിയതികളിലാണ് തലശ്ശേരിയും പ്രാന്തപ്രദേശങ്ങളും കലാപം കൊണ്ട് കത്തിയെരിഞ്ഞത്. സി പി എം ഭൂരിപക്ഷകേന്ദ്രങ്ങളും മുസ്ലിംങ്ങള്‍ തുലോം വിരളവുമായ പിണറായി, കതിരൂര്‍, കോടിയേരി, എരിഞ്ഞോളി, ഉമ്മന്‍ച്ചിറ തുടങ്ങിയ സ്ഥലങ്ങളിലാണ് കലാപം വ്യാപകമായുണ്ടായത്. സി പി എം കോട്ടയായ പിണറായി പാറപ്പുറത്തുള്ള വലിയ ജുമഅത്ത് പള്ളി തകര്‍ക്കപ്പെട്ടു. ഇതിലെ ഒന്നാം പ്രതി, സഖാവ് പിണറായി വിജയന്റെ സഹോദരന്‍ ശ്രീ.കുമാരനായിരുന്നില്ലേ?സി പി എം കോട്ടയായ മേല്‍ സ്ഥലങ്ങളില്‍ നിന്ന് മുസ്ലിംങ്ങള്‍ ആട്ടിയോടിക്കപ്പെട്ടപ്പോഴും പള്ളി തകര്‍ക്കപ്പെട്ടപ്പോഴും അവര്‍ക്ക് രക്ഷാകവചം തീര്‍ക്കാന്‍ സി പി എം ന് കഴിയാതെ പോയത് എന്ത് കൊണ്ടായിരുന്നു?
  2. സി പി ഐ യുടെ മുന്‍ ജില്ല സെക്രട്ടറി സഖാവ് എ.ശ്രീധരനും ജനയുഗം ലേഖകനായിരുന്ന സഖാവ് കെ.പി ശ്രീധരനും ജസ്റ്റിസ് വിതയത്തില്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ടായിരുന്നോ? കലാപത്തില്‍ പങ്കെടുത്തവരില്‍ 80 ശതമാനം പേരും സി പി എം കാരായിരുന്നുവെന്ന് ഇവര്‍ മൊഴി നല്‍കിയത് സഖാവ് ജയരാജന്‍ നിഷേധിക്കുമോ?
  3. ജസ്റ്റിസ് വിതയത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സഖാവ് യു.കെ കുഞ്ഞിരാമന്‍ കൊല ചെയ്യപ്പെട്ടത് കലാപത്തിലാണെന്ന് എവിടെയെങ്കിലും പരാമര്‍ശിച്ചിട്ടുണ്ടോ?

4.കലാപത്തോടനുബന്ധിച്ച് സിപിഐയുടെ വടക്കുമ്പാട് ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി ‘ നേതൃത്വം ആരുടേത്! പിണറായി വിജയന്‍ മറുപടി പറയുമോ?’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച നോട്ടീസിനെക്കുറിച്ച് സഖാവ് ജയരാജനറിയുമോ?

  1. പ്രസ്തുത നോട്ടീസിലെ ഒന്നു മുതല്‍ അഞ്ച് വരെയുള്ള ചോദ്യങ്ങള്‍ക്ക് ( നോട്ടീസ് കാണുക) എന്താണ് മറുപടി പറയാനുള്ളത്.?
  2. മറ്റെല്ലാ കലാപങ്ങളിലുമെന്നപോലെ സഖാക്കളായ മുസ്ലിംങ്ങളെപ്പോലും തലശ്ശേരി കലാപത്തിലും സി പി എമ്മുകാര്‍ അക്രമിച്ചിരുന്നുവെന്നതിനെക്കുറിച്ച് സഖാവിന് എന്താണ് പറയാനുള്ളത്.?
  3. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തേത് പോലുള്ള ഒരു ബറാഅത്ത് ദിനത്തില്‍ പന്നിയൂരിലെ ഒട്ടനേകം മുസ്ലിം വീടുകളും കടകളും ആരാധനാലയങ്ങളും സി പി എമ്മുകാര്‍ തകര്‍ത്തത് എന്തിന് വേണ്ടിയായിരുന്നു?
  4. ബറാഅത്ത് രാവില്‍ മുസ്ലിംങ്ങളുണ്ടാക്കിയ ചക്കരച്ചോറില്‍ പോലും കുപ്പിച്ചില്ലുകള്‍ വിതറാന്‍ സഖാക്കളെ പ്രേരിപ്പിച്ചത് ഏത് ന്യൂനപക്ഷ സ്‌നേഹത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.?
  5. ഇ എം എസ് ഭരണകാലത്ത് മലപ്പുറം ജില്ല രൂപീകരിച്ചത് ഹിന്ദുക്കളില്‍ മുസ്ലിം വിരുദ്ധ മനോഭാവമുണ്ടാക്കാന്‍ ഞ ൈപ്രയോജനപ്പെടുത്തിയെന്ന് പറയുന്ന സഖാവ് ജയരാജനും പാര്‍ട്ടിക്കും മലപ്പുറം ജില്ല രൂപീകരിച്ചത് തെറ്റായിപ്പോയെന്ന അഭിപ്രായമുണ്ടോ?
  6. 1969ല്‍ ഇ എം എസ് മന്ത്രിസഭയോട് ലീഗ് വഞ്ചന നടത്തി എന്ന് പറയുന്ന സഖാവ് ജയരാജന് ആ മന്ത്രിസഭയിലെ സി പി എം മന്ത്രിമാര്‍ക്കെതിരായി ഉയര്‍ന്നു വന്ന അഴിമതി ആരോപണങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്.?

അഡ്വ.അബ്ദുല്‍ കരീംചേലേരി
ജനറല്‍ സെക്രട്ടറി
കണ്ണുര്‍ ജില്ല മുസ്ലിം ലീഗ്‌

SHARE