അബ്ദുല്‍ഹകീം ഫൈസി ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റീസ് ലീഗ് നിര്‍വാഹക സമിതിയില്‍

 

കോഴിക്കോട്: കൈറോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റീസ് ലീഗിന്റെ നിര്‍വാഹക സമിതിയിലേക്ക് പ്രമുഖ വിദ്യാഭ്യാസ ചിന്തകനും 69 വാഫി, വഫിയ്യ കോളജുകളുടെ കൂട്ടായ്മയായ കോഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസിന്റെ (സി.ഐ.സി) കോഓര്‍ഡിനേറ്ററുമായ പ്രഫ. അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി തെരഞ്ഞെടുക്കപ്പെട്ടു. അറബ് ലോകത്തും യൂറോപ്പിലും ഏഷ്യയിലുമായി ലോകത്തെ ഇരുന്നൂറിലധികം സര്‍വകലാശാലകള്‍ ഉള്‍ക്കൊള്ളുന്ന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റീസ് ലീഗിന്റെ 21 പേരടങ്ങുന്ന നിര്‍വാഹക സമിതിയില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രതിനിധി എത്തുന്നത്. ഈ വര്‍ഷം ഏപ്രില്‍ 25 മുതല്‍ 27 വരെ ഈജിപ്തിലെ അലക്‌സാണ്ട്രിയയില്‍ നടക്കുന്ന നാലാമത് നിര്‍വാഹക സമിതി, പത്താമത് പൊതുസഭ സംയുക്ത സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും.

യൂണിവേഴ്‌സിറ്റീസ് ലീഗിന്റെ ഭരണ നേതൃത്വത്തെ തെരഞ്ഞെടുക്കല്‍, പുതിയ യൂണിവേഴ്‌സിറ്റികള്‍ക്ക് അംഗത്വം നല്‍കല്‍, അംഗങ്ങള്‍ക്കിടയില്‍ അക്കാദമിക ധാരണകള്‍ ഉണ്ടാക്കല്‍, വിദ്യാര്‍ഥികളുടെയും ഫാക്കല്‍റ്റികളുടെയും കൈമാറ്റം,അന്താരാഷ്ട്ര തലത്തില്‍ അക്കാദമിക് സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കല്‍ തുടങ്ങിയവയാണ് നിര്‍വാഹക സമിതിയുടെ പ്രവര്‍ത്തനങ്ങള്‍.

SHARE