ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് ഡിവില്ലിയേഴ്‌സ് കളം വിട്ടു

ജോഹന്നാസ്ബര്‍ഗ്ഗ്: അപ്രതീക്ഷിത തീരുമാനം…. ക്രിക്കറ്റ് ലോകത്തിന് ഒരു മുന്നറിയിപ്പും നല്‍കാതെ ലോക ക്രിക്കറ്റിലെ അജയ്യനായ ബാറ്റ്‌സ്മാന്‍ എബ്രഹാം ഡി വില്ലിയേഴ്‌സ് കളം വിട്ടു. വയ്യ എന്ന വാക്ക് പറഞ്ഞാണ് 34 കാരന്‍ എല്ലാ തരം ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുളള തീരുമാനം ട്വിറ്റര്‍ വഴി അറിയിച്ചത്. സത്യം പറഞ്ഞാല്‍ എനിക്ക് വയ്യാതായിരിക്കുന്നു- ഇതാണ് കൃത്യമായ സമയം. ഈ തീരുമാനമെടുക്കാന്‍ പ്രയാസമുണ്ടായിരുന്നു. പക്ഷേ യഥാ സമയത്തുള്ളതാണ് ഈ തീരുമാനം. എല്ലാവരോടും നന്ദി- നാല് ദിവസം മുമ്പ് വരെ ഇന്ത്യയിലുണ്ടായിരുന്ന ചാമ്പ്യന്‍ താരത്തിന്റെ വാക്കുകള്‍.

 

പരുക്കുകള്‍ കാര്യമായി എബിയെ അലട്ടിയിരുന്നു. ഈയിടെ പലവട്ടം വിശ്രമിക്കേണ്ടി വന്നു. പുറം വേദനയാണ് കലശല്‍. ഈ സാഹചര്യത്തിലാണ് അദ്ദേഹം വിരമിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനായി ഇത്തവണയും ഗംഭീര പ്രകടനം അദ്ദേഹം നടത്തിയിരുന്നു.

114 ടെസ്റ്റുകളിലും 228 ഏകദിനങ്ങളിലും 78 ടി-20 മല്‍സരങ്ങളിലും ഞാന്‍ രാജ്യത്തിനായി കളിച്ചു. ഇനി എന്റെ പിന്‍ഗാമികള്‍ വരട്ടെ. അവര്‍ക്കായി വഴി മാറാനുളള സമയമാണ്. സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ ക്ഷീണതനുമാണ്-വിരമിക്കാനുളള തീരുമാനം വീഡിയോയിലുടെ അറിയിച്ച എബിയുടെ വാക്കുകള്‍. ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു ഇത്. കാരണം ഞാന്‍ ഇപ്പോഴും നന്നായി കളിക്കുന്നു എന്നാണ് വിശ്വാസം. പക്ഷേ ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരായ വലിയ പരമ്പര നേട്ടത്തിന് ശേഷമുള്ള ഈ സമയമാണ് അത്തരത്തിലൊരു തീരുമാനത്തിന് നല്ലതെന്ന് തോന്നി. ദക്ഷിണാഫ്രിക്കക്കായി പച്ച ബാഗി ക്യാപ്പില്‍ കളിക്കുകയെന്നത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ്. രാജ്യത്തിനായി കളിക്കുമ്പോള്‍ സ്വയം മറന്നിരുന്നു. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനോടും കോച്ചിംഗ് സ്റ്റാഫിനോടും എന്റെ സഹതാരങ്ങളോടുമാണ് തീര്‍ത്താല്‍ തീരാത്ത കടപ്പാട്. അവരാണ് എന്നെ ഞാനാക്കിയത്. സമ്പാദിക്കുകയല്ല പ്രധാനം. ശരിയായ തീരുമാനമെടുക്കുന്നതാണ് പ്രധാനമെന്ന് ഞാന്‍ കരുതുന്നു. എല്ലാത്തിനും ഒരവസാനമുണ്ട്. ദക്ഷിണാഫ്രിക്കയിലെ മുഴുവന്‍ ക്രിക്കറ്റ് ആരാധകരോടും നന്ദി-എബി പറഞ്ഞു.