ഡല്‍ഹിയില്‍ ആം ആദ്മി എംഎല്‍എക്ക് നേരെ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ ആം ആദ്മി എംഎല്‍എ നരേഷ് യാദവിന് നേരെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. എംഎല്‍എ നരേഷ് യാദവിനും സംഘത്തിനും നേരെയായിരുന്നു വെടിവെപ്പ്. അക്രമത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ക്ഷേത്രത്തില്‍ നിന്ന് മടങ്ങും വഴിയാണ് സംഭവം.

ഡല്‍ഹി മെഹ്‌റൗലി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് നരേഷ്. കിഷന്‍ഗര്‍ഹ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് അക്രമത്തേപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.

നാല് റൗണ്ട് വെടിവെപ്പാണ് ഉണ്ടായതെന്ന് എംഎല്‍എ നരേഷ് യാദവ് എന്‍ഐയോട് പ്രതികരിച്ചു. ഈ സംഭവം നിര്‍ഭാഗ്യകരമാണ്. എല്ലാ പെട്ടെന്ന് സംഭവിക്കുകയായിരുന്നു. അതിന് പിന്നിലെ കാരണം എന്തെന്ന് അറിയില്ല. വാഹനത്തിന് നേര്‍ക്ക് അക്രമം ഉണ്ടാവുകയായിരുന്നു. പൊലീസ് കൃത്യമായി അന്വേഷണം നടത്തുമെന്ന് അക്രമികളെ പിടികൂടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.