ജനങ്ങള്‍ ഇലക്ട്രിക് ഷോക്ക് നല്‍കി; അമിത്ഷായെ ട്രോളി അമാനതുല്ല

ന്യൂഡല്‍ഹി: ഷഹീന്‍ബാഗ് ഉള്‍പ്പെടുന്ന ഓഖ്‌ല മണ്ഡലത്തിലെ ജനങ്ങള്‍ ഇലക്ട്രിക് ഷോക്കാണ് ബിജെപിക്ക് നല്‍കിയതെന്ന് ഓഖ്‌ലയില്‍ നിന്ന് മത്സരിച്ച ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി അമാനത്തുള്ള ഖാന്‍. വന്‍ഭൂരിപക്ഷത്തോടെ വിജയത്തിലേക്ക് കുതിക്കുകയാണ് അമാനത്തുള്ള ഖാന്‍. എതിര്‍സ്ഥാനാര്‍ഥിയായ ബിജെപി നേതാവ് ബ്രഹ്മ് സിങ്ങ് എണ്‍പതിനായിരത്തിലധികം വോട്ടുകള്‍ക്ക് പിറകിലാണ്.

ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ ബട്ടണ്‍ രോഷത്തോടെ അമര്‍ത്തണമെന്നും അതിന്റെ വൈദ്യുതപ്രവാഹം ഷഹീന്‍ബാഗ് വരെ എത്തണമെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ അമിത് ഷാ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് ഓഖ്‌ലയിലെ ജനങ്ങള്‍ ഇലക്ട്രിക് ഷോക്ക് തന്നെ നല്‍കിയെന്നാണ് അമാനത്തുള്ള പരിഹാസരൂപത്തില്‍ പ്രതികരിച്ചിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം അരങ്ങേറുന്ന ഷഹീന്‍ബാഗ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ചൂടന്‍ വിഷയമായിരുന്നു. സിഎഎയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം നടന്ന ജാമിയ മിലിയയും ഓഖ്‌ല മണ്ഡലത്തിലാണ്.

ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്ക് ആം ആദ്മി ബിരിയാണി വിതരണം ചെയ്യുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു. എഎപി ഷഹീന്‍ബാഗിലെ ‘രാജ്യദ്രോഹികളെ’ പ്രോത്സാഹിപ്പിക്കുകയാണ് എന്ന രീതിയിലാണ് ബിജെപി പ്രചാരണം നടത്തിയത്. ഇതിന് ജനങ്ങള്‍ വോട്ടിലൂടെ മറുപടി നല്‍കിയെന്ന് വേണം മനസ്സിലാക്കാന്‍. തിരഞ്ഞെടുപ്പ് ദിനത്തില്‍ ആദ്യ മണിക്കൂറുകളില്‍ വോട്ടിങ് ശതമാനം വളരെ കുറവ് രേഖപ്പെടുത്തിയപ്പോഴും ഷഹീന്‍ബാഗിന് സമീപത്തുളള പോളിങ് ബൂത്തില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടിരുന്നു.