ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ഡല്‍ഹി സര്‍ക്കാറിന് വേണ്ടി വാദിക്കാന്‍ മോദിയുടെ വിശ്വസ്തരായ അഭിഭാഷകര്‍. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാര്‍ എന്നിവരെ വിവിധ കേസുകളില്‍ സര്‍ക്കാര്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. നിയമനത്തിന് നിയമമന്ത്രി സത്യേന്ദര്‍ ജയിന് അംഗീകാരം നല്കി.
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാഫറാബാദില്‍ പൗരത്വ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്കിയ പിഞ്ച്റതോഡ് പ്രവര്‍ത്തക ഗുല്‍ഫിഷ ഫാത്തിമയ്ക്കെതിരായ കേസിലും മറ്റു കേസുകളിലും തുഷാര്‍ മേത്തയ്ക്കു പുറമേ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാരായ അമന് ലേഖി, മനീന്ദര്‍ ആചാര്യ, കേന്ദ്രസര്‍ക്കാറിലെ സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍മാരായ രജത് നായര്‍, അമിത് മഹാജന് തുടങ്ങിയവരും കീഴ്ക്കോടതികളില്‍ ഹാജരാകും. ബി.ജെ.പി എം.പി മീനാക്ഷി ലേഖിയുടെ ഭര്‍ത്താവാണ് അമന് ലേഖി.
ഏപ്രില്‍ മുതല്‍ ജയിലില്‍ കഴിയുന്ന ഗുല്‍ഫിഷയുടെ സഹോദരന് അഭിഭാഷകനായ ആഖില്‍ അഹ്മദ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുന്ന വേളയിലാണ് അഭിഭാഷകരുടെ പേരു വിവരങ്ങള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. സ്റ്റാന്‍ഡിങ് കൗണ്‍സല്‍ രാഹുല്‍ മെഹ്റയാണ് സര്‍ക്കാര്‍ വിവരങ്ങള്‍ കോടതിയെ ധരിപ്പിച്ചത്.
ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ടാണ് ജാഫറാബാദിലെ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്കിയ ഗുല്ഫിഷയ്ക്കെതിരെ ഡല്‍ഹി പൊലീസ് യു.എ.പി.എ കേസെടുത്തിരുന്നത്. കലാപത്തിന് നേതൃത്വം നല്കിയ സംഘ്പരിവാര്‍-ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് കേസെടുക്കാതെ രക്ഷിക്കുകയും ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ മോദി സര്‍ക്കാറിലെ ഉന്നത അഭിഭാഷകര്‍ കെജ്രിവാള് സര്‍ക്കാറിന് വേണ്ടി ഹാജരാകുന്നത്.
പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തി കലാപത്തിന് വഴി മരുന്നിട്ട ബി.ജെ.പി നേതാവ് കപില്‍ മിശ്രയ്ക്ക് വേണ്ടി നേരത്തെ തുഷാര്‍ മേത്ത ഹാജരായിരുന്നു. ഡല്‍ഹി ഹൈക്കോടതി കേസെടുക്കാന്‍ ആവശ്യപ്പെട്ടിട്ടു പോലും ഇതുവരെ മിശ്രയ്ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
എ.എ.പിയും ബി.ജെ.പിയും ഇപ്പോള്‍ തുല്യരായെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന് പറഞ്ഞു. ഡല്‍ഹി സര്‍ക്കാര്‍ ബി.ജെ.പിയുടെ ഡി ടീമായി മാറി എന്നാണ് സോഷ്യോളജിസ്റ്റ് നന്ദിനി സുന്ദര്‍ ട്വീറ്റ് ചെയ്തത്.