അയോധ്യയില്‍ ഹനുമാന്‍ പ്രതിമ സ്ഥാപിക്കണമെന്ന് രാമജന്മഭൂമി ട്രസ്റ്റിനോട് ആംഅദ്മി എംഎല്‍എ

ന്യൂഡല്‍ഹി: അയോധ്യയില്‍ ഹനുമാന്റെ പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി എംഎല്‍എ. രാമക്ഷേത്രത്തിന് സമീപം ഹനുമാന്റെ പ്രതിമ സ്ഥാപിക്കണമെന്ന് രാമജന്മഭൂമി ട്രസ്റ്റിനോട് ആവശ്യപ്പെടുമെന്ന് എഎപി വക്താവും എംഎല്‍എയുമായ സൗരഭ് ഭരത്വാജ് പറഞ്ഞു.

ഹനുമാന്റെ സാഹസിക യാത്ര വര്‍ണിക്കുന്ന സുന്ദരകാണ്ഡത്തിന്റെ പാരായണം എല്ലാ മാസത്തിലെയും ആദ്യ ചൊവ്വാഴ്ച തന്റെ മണ്ഡലത്തില്‍ നടത്തുമെന്ന് സൗരഭ് ഭരത്വാജ് വ്യക്തമാക്കി. ഹനുമാന്റെ മനോഹരമായ വലിയ പ്രതിമ അയോധ്യയില്‍ സ്ഥാപിക്കണം. ഇതിനു വേണ്ടി ട്രസ്റ്റിനോട് സമയം ആവശ്യപ്പെടുമെന്നും ഔദ്യോഗിക അപേക്ഷ നല്‍കുമെന്നും ഭരത്വാജ് പറഞ്ഞു. രാമന് ഏറ്റവും പ്രിയപ്പെട്ടവനാണ് ഹനുമാന്‍. എവിടെയെല്ലാം രാമനുണ്ടോ അവിടെയൊക്കെ ഹനുമാനുമുണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അരവിന്ദ് കെജ്‌രിവാള്‍ തെരഞ്ഞെടുപ്പിന് മുമ്പും വിജയിച്ച ശേഷവും ഹനുമാന്‍ ക്ഷേത്രത്തില്‍ കുടുംബത്തോടൊപ്പം സന്ദര്‍ശനം നടത്തിയിരുന്നു. ഹനുമാന്‍ ഭക്തനായ അദ്ദേഹത്തെ ഭീകരവാദിയെന്ന് ബിജെപി നേതാക്കള്‍ വിളിച്ചപ്പോള്‍ ഹനുമാന്‍ ചാലിസ ചൊല്ലിയതിന്റെയും പൂജ നടത്തിയതിന്റെയും വീഡിയോ പുറത്തുവിട്ടാണ് കെജ്‌രിവാള്‍ തിരിച്ചടിച്ചത്.