പ്രശ്‌നം സര്‍ക്കാരിന്റേതല്ല, സൈന്യത്തിന്റേതാണ്; വിവാദമായി മാധ്യമപ്രവര്‍ത്തകയുടെ പ്രസ്താവന

ന്യൂഡല്‍ഹി: ചൈനീസ് സൈന്യം 20 ജവാന്മാരെ കൊലപ്പെടുത്തിയതിനു പിന്നാലെ, ഇന്ത്യന്‍ സൈന്യത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഹിന്ദി ചാനല്‍ ‘ആജ് തക്’ മാധ്യമപ്രവര്‍ത്ത ശ്വേത സിങ്ങിന്റെ പ്രസ്താവന വിവാദമാവുന്നു. ചൈനീസ് സൈന്യം ഇന്ത്യന്‍ മണ്ണില്‍ കടന്നുകയറിയതിന് ഉത്തരവാദി കേന്ദ്ര സര്‍ക്കാരല്ലെന്നും ഇന്ത്യന്‍ സൈന്യമാണെന്നും ആജ് തക് സീനിയര്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ശ്വേത സിങ് ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ പറഞ്ഞു.

സൈന്യത്തെ കുറ്റപ്പെടുത്തുന്ന ഭാഗം മാത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെ റിപ്പോര്‍ട്ടിങ്ങിന്റെ പൂര്‍ണഭാഗം ശ്വേത സിങ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്‌തെങ്കിലും, ഇതിലും വിവാദ പരാമര്‍ശമുണ്ട്.

‘നമ്മള്‍ ഉറങ്ങുമ്പോഴാണ് ചൈനീസ് സൈന്യം നമ്മുടെ ഭൂമിയില്‍ വന്നത്. ഇതിന്റെ ഉത്തരവാദിത്തം സര്‍ക്കാറിനല്ല. സൈന്യമാണ് അതിന് മറുപടി നല്‍കേണ്ടത്. പെട്രോളിങ് ഡ്യൂട്ടി സര്‍ക്കാറിനല്ല, സൈന്യത്തിനാണ്. നമ്മുടെ രാജ്യത്ത് സൈന്യത്തിനും അര്‍ധസൈനിക വിഭാഗത്തിനും, രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടതില്ലെന്ന സ്വാതന്ത്ര്യമുണ്ട്. ചൈനീസ് സൈന്യം ഇന്ത്യയില്‍ പ്രവേശിച്ചെങ്കില്‍ അതിന്റെ ഉത്തരവാദിത്തം സൈന്യത്തിനു തന്നെയാണ്.’
ശ്വേത സിങ് പറയുന്നു. സൈന്യത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ശ്വേതയുടെ റിപ്പോര്‍ട്ടിങ്ങിനെതിരെ ശക്തമായ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

നേരത്തെ, നരേന്ദ്ര മോദി സര്‍ക്കാര്‍ നോട്ട്‌നിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെ ശ്വേത സിങ് സഹപ്രവര്‍ത്തകരുമായി നടത്തിയ സംഭാഷണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. നാനോ ചിപ്പുകള്‍ ഘടിപ്പിച്ച 2000 നോട്ടുകളാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ളതെന്നും ഇവ അനധികൃതമായി ഒരു സ്ഥലത്ത് സൂക്ഷിച്ചുവെച്ചാല്‍ സാറ്റലൈറ്റ് ഉപയോഗിച്ച് കണ്ടെത്താനാവുമെന്നും ശ്വേത സിങ് സഹപ്രവര്‍ത്തകര്‍ക്ക് വിശദീകരിച്ചു നല്‍കുന്നതാണ് വീഡിയോയിലുള്ളത്.