പൗരത്വം തെളിയിക്കാന്‍ ആധാര്‍കാര്‍ഡ് രേഖയല്ലെന്ന് മുംബൈ ഹൈക്കോടതി. മുംബൈയില്‍ അനധികൃതമായി താമസിച്ചെന്ന് കാട്ടി പൊലീസ് പിടികൂടിയ യുവതി ഹാജരാക്കിയ രേഖകളാണ് കോടതി തള്ളിയത്. ഇന്ത്യയില്‍ അനധികൃതമായി താമസിച്ചതിന് ഇവര്‍ക്ക് ഒരു വര്‍ഷത്തെ തടവ് വിധിക്കുകയും ചെയ്തു.
മുംബൈയിലെ ദഹിസാറില്‍ താമസിക്കുന്ന തസ്ലീമ റൊ ബീയുല്‍ എന്ന യുവതിയെയാണ് അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ചതിനും താമസിച്ചതിനും പിടികൂടിയത്. തുടര്‍ന്നാണ് പൗരത്വം തെളിയിക്കുന്നതിനായി യുവതി മുംബൈ ഹൈക്കോടതിയില്‍ ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും ഹാജരാക്കിയത്. എന്നാല്‍ പൗരത്വം തെളിയിക്കാന്‍ ഈ രേഖകള്‍ പ്രാപ്തമല്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. സാധാരണഗതിയില്‍ ജനനതീയതി, ജനനസ്ഥലം, മാതാപിതാക്കളുടെ ജന്മസ്ഥലം എന്നിവയാണ് പൗരത്വത്തിന് ആധാരം.
ചിലഘട്ടങ്ങളില്‍ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും ജനനസ്ഥലവും അടിസ്ഥാനമാക്കി പൗരത്വം തീരുമാനിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. പൗരത്വം തെളിയിക്കേണ്ടത് പാരാതിക്കാരിയുടെ ഉത്തരവാദിത്വമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി പതിനഞ്ചു വര്‍ഷമായി മുംബൈയില്‍ താമസിക്കുന്നുവെന്ന വാദങ്ങള്‍ തള്ളുകയും ഒരു വര്‍ഷത്തെ തടവ് വിധിക്കുകയും ചെയ്തു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ ബംഗ്ലാദേശിലേക്ക് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു.