ആധാറും വോട്ടര്‍ ഐഡിയും തമ്മില്‍ ബന്ധിപ്പിക്കും

ന്യൂഡല്‍ഹി: വോട്ടര്‍ ഐ.ഡിയും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നിയമം ഉടന്‍ ഭേദഗതി ചെയ്യും. കുടിയേറ്റക്കാര്‍, വ്യാജ വോട്ടര്‍മാര്‍ എന്നിവരെ നീക്കം ചെയ്യാന്‍ ഈ നടപടി ഉപകരിക്കുമെന്നാണ് കമ്മീഷന്റെ വാദം.
കേന്ദ്ര ക്യാബിനറ്റ് യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമെടുക്കുന്നതിനായി നിയമ മന്ത്രാലയം കുറിപ്പ് തയാറാക്കിയതായാണ് വിവരം. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതു സംബന്ധിച്ച് നിയമ മന്ത്രാലയത്തെ വിവരം ധരിപ്പിച്ചിരുന്നു. 2004-05 മുതല്‍ തെരഞ്ഞെടുപ്പ് പരിഷ്‌കാരത്തിനായി കമ്മീഷന്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ ഫാസ്ട്രാകായി നടപ്പിലാക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ യോഗത്തില്‍ ആവശ്യപ്പെട്ടു.
കമ്മീഷന്‍ നിര്‍ദേശിച്ച 40 ഓളം പരിഷ്‌കാരങ്ങള്‍ നിയമ മന്ത്രാലയം പരിശോധിച്ചു വരികയാണെന്നും ഇതില്‍ പലതും ചര്‍ച്ചകള്‍ക്ക് വിധേയമാക്കുന്നുണ്ടെന്നും നിയമ മന്ത്രാലയ സെക്രട്ടറി നാരായണ്‍ രാജു കമ്മീഷനെ അറിയിച്ചു.

SHARE