പൗരത്വ പ്രതിഷേധത്തിനിടെ ഹിന്ദു യുവാക്കളുടെ കാവലില്‍ ഒരു മുസ്ലിം കല്യാണം

കാന്‍പൂര്‍: പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ അക്രമാസക്തമായ കാന്‍പൂരില്‍ നിന്നും കഴിഞ്ഞ ദിവസം വന്നത് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയായിരുന്നു. പ്രശ്‌നകലുഷിതമായ കാന്‍പൂരില്‍ ഒരു മുസ്‌ലിം വിവാഹത്തിന് കാവല്‍ നിന്നത് ഒരു കൂട്ടം ഹിന്ദു യുവാക്കളാണ്. പരസ്പരം കൈകോര്‍ത്ത മനുഷ്യച്ചങ്ങല തീര്‍ത്തായിരുന്നു വരന്റെ സംഘത്തെ യുവാക്കള്‍ വധൂഗൃഹത്തിലെത്തിച്ചത്.

കാന്‍പൂരിലെ ബകര്‍ഗഞ്ചിലെ ഖാന്‍ കുടുംബത്തിലെ സീനത്തിന്റെയും പ്രതാപ്ഗറിലെ ഹസ്‌നൈന്‍ ഫറൂഖിയുടെയും വിവാഹം ഡിസംബര്‍ അവസാനവാരമായിരുന്നു നിശ്ചയിച്ചിരുന്നത്. പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്ത് പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇതിനിടയില്‍ വരനും ബന്ധുക്കളും കല്യാണവീട്ടിലേക്ക് എത്തുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുകയാരുന്നു.

തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ അയല്‍ക്കാരനായ വിമല്‍ ചപാദിയ ആണ് തങ്ങള്‍ വരനും കൂട്ടര്‍ക്കും സംരക്ഷണം നല്‍കാമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.

വൈകുന്നേരത്തോടെ വാഹനങ്ങളിലായി ബക്രഗഞ്ച് ചൗരാഹയിലെത്തിയ എഴുപത് പേരടങ്ങുന്ന വരന്റെ സംഘത്തെ ഒരു കിലോമീറ്ററോളം വിമലും സംഘവും അനുഗമിച്ചു. അമ്പതോളം പേരാണ് മനുഷ്യച്ചങ്ങലയായി അണിനിരന്നത്.

ചടങ്ങുകള്‍ തീരുന്നത് വരെ ഇവര്‍ വിവാഹവീടിന് കാവല്‍ നിന്നു. സീനത്തിനെ വരനോടൊപ്പം പറഞ്ഞയച്ചതിന് ശേഷമാണ് ഇവര്‍ പിരിഞ്ഞുപോയത്.

‘വിവാഹത്തിന്റെ അടുത്ത ദിവസങ്ങളില്‍ ഞാന്‍ ഉറങ്ങിയിട്ടില്ല. വീട്ടില്‍ എല്ലാവരും ഏറെ അസ്വസ്ഥരായിരുന്നു. അപ്പോഴാണ് വിമല്‍ ഭയ്യാ മാലാഖയെപ്പോലെയെത്തിയത്.’ സീനത്ത് പറയുന്നു.

‘സീനത്തിനെ ചെറുപ്പം മുതല്‍ കാണുന്നതാണ്. അവള്‍ എനിക്ക് എന്റെ ഇളയ സഹോദരിയെപ്പോലെയാണ്. ഞങ്ങള്‍ അയല്‍ക്കാരാണ്. അവര്‍ക്ക് ഒരു പ്രശ്‌നം വരുമ്പോള്‍ കൂടെ നില്‍ക്കേണ്ടത് എന്റെ കടമയാണ്.’ വിമല്‍ മാധ്യമങ്ങളോട് പറഞ്ഞു.

SHARE