രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍

പൊന്നാനി: ആലത്തൂര്‍ യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി എല്‍.ഡി.എഫ്. കണ്‍വീനര്‍ എ.വിജയരാഘവന്‍ രംഗത്ത്. പൊന്നാനിയില്‍ എല്‍.ഡി.എഫ്.സ്ഥാനാര്‍ത്ഥി പി.വി.അന്‍വറിന് വോട്ടഭ്യര്‍ത്ഥിച്ച് നടത്തിയ പൊതു സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് വനിത സ്ഥാനാര്‍ത്ഥിയെ വിജയരാഘവന്‍ അധിക്ഷേപിച്ചത്.

നോമിനേഷന്‍ സമര്‍പ്പിച്ചതിന് ശേഷം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട് എത്തിയിരുന്നു. ആലത്തൂരിലെ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസും, പാണക്കാടെത്തി തങ്ങളെ കാണുകയും പിന്നീട് കുഞ്ഞാലിക്കുട്ടിയെ കാണുകയും ചെയ്തു. പിന്നീട് എന്ത് സംഭവിച്ചിട്ടുണ്ടാകുമെന്ന് താന്‍ പറയേണ്ടതില്ലല്ലോ എന്നും എ. വിജയരാഘവന്‍ പറഞ്ഞു. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ എ.വിജയരാഘവനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം ശക്തമാവുകയാണ്.

അതേസമയം സ്തീ വിരുദ്ധ പരാമര്‍ശം നടത്തിയ വിജയരാഘവനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സാധ്യത. രമ്യയെ അധിക്ഷേപിച്ച എല്‍ഡിഎഫ് കണ്‍വീണര്‍ക്കെതിരെ കേസെടുക്കണമെന്ന് മഹിളാ കോണ്‍ഗ്രസ്് ആവശ്യപ്പെട്ടു.