‘എന്റെ ഹൃദയത്തിന്റെ പാതിയും കൊണ്ടാണ് നീ പോയത്’; സുശാന്തിന് വികാരനിര്‍ഭരമായ വിടവാങ്ങല്‍ കുറിപ്പുമായി കൃതി സനോന്‍

ന്യൂഡല്‍ഹി: അന്തരിച്ച സുശാന്ത് സിങ് രജ്പുതിന് ഹൃദയം തൊടുന്ന കുറിപ്പുമായി നടിയും സുഹൃത്തുമായ കൃതി സനോന്‍. തന്റെ ഹൃദയത്തിന്റെ പാതി ഭാഗവും കൊണ്ടാണ് സുശാന്ത് പോയതെന്ന് അവര്‍ സാമൂഹിക മാദ്ധ്യമങ്ങളിലെഴുതിയ കുറിപ്പില്‍ പറഞ്ഞു. റാബ്ത എന്ന സിനിമയില്‍ കൃതിയും സുശാന്തും ഒന്നിച്ചഭിനയിച്ചിരുന്നു. തിങ്കളാഴ്ച നടന്ന സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത ചുരുക്കം ചില അഭിനേതാക്കളില്‍ ഒരാളാണ് കൃതി.

‘സുഷ്, നിന്റെ ഹൃദയമായിരുന്നു നിന്റെ അടുത്ത സുഹൃത്തും മോശം ശത്രുവും. ജീവിതത്തേക്കാള്‍ എളുപ്പം മരണമാണ് എന്നു നീ തീരുമാനിച്ച ആ നിമിഷം എന്നെ തകര്‍ത്തു കളഞ്ഞു. ആ നിമിഷത്തില്‍ കുറച്ചു പേര്‍ നിന്റെ അടുത്തുണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചു പോകുന്നു. നിന്നെ സ്‌നേഹിക്കുന്നവരെ കുറിച്ച് ഓര്‍ക്കാന്‍ ആ നിമിഷത്തില്‍ നിനക്ക് കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു. നിന്നെ ഉള്ളില്‍ തകര്‍ത്തു കളഞ്ഞ കാര്യങ്ങള്‍ ഞാന്‍ പരിഹരിച്ചു തന്നിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചു പോകുന്നു. എനിക്ക് കഴിഞ്ഞില്ല. എന്റെ ഹൃദയത്തിന്റെ ഒരു ഭാഗവും കൊണ്ടാണ് നീ പോയത്. ഒരു ഭാഗത്ത് നീ എക്കാലത്തും ജീവിക്കും. നിന്റെ സന്തോഷത്തിനായുള്ള പ്രാര്‍ത്ഥനകള്‍ നിര്‍ത്തില്ല. അതു തുടരുക തന്നെ ചെയ്യും’ – അവര്‍ എഴുതി.

ദിനേഷ് വിജാന്‍ സംവിധാനം ചെയ്ത റൊമാന്റിക് ചിത്രമായ റാബ്തയിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. നേരത്തെ കൃതിയുടെ സഹോദരി നുപൂറും സുശാന്തിന് ആദരവുമായി സാമൂഹിക മാദ്ധ്യമങ്ങളില്‍ കുറിപ്പിട്ടിരുന്നു.

https://www.instagram.com/p/CBfjuqujOnk/

‘സാമൂഹിക മാദ്ധ്യമങ്ങളില്‍ മാനസികാരോഗ്യത്തെ കുറിച്ചാണ് പറയുന്നത്. എന്നാല്‍ മാനസികമായി തളര്‍ത്തിയതില്‍ ആരും മാപ്പു പറയുന്നില്ല. എത്ര പേരുടെ മനസ്സിനെ നോവിക്കുന്ന കാര്യങ്ങള്‍ നമ്മള്‍ ചെയ്തിട്ടുണ്ട്. മരണശേഷം അതിവൈകാരികമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുന്നു. ദയവായി ഇത് നിര്‍ത്തണം. ഇത്രയധികം ഹൃദയശൂന്യമായി സംസാരിക്കരുത്’- എന്നായിരുന്നു നുപൂറിന്റെ പ്രതികരണം.

അതിനിടെ, സുശാന്തിന്റെ ആത്മഹത്യ ബോളിവുഡില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചു. പുറത്തു നിന്നു വന്ന ഒരു നടനെ അംഗീകരിക്കാന്‍ ബോളിവുഡിന് ആകുന്നില്ല എന്ന തരത്തിലുള്ള ചര്‍ച്ചയാണ് നടക്കുന്നത്. സ്വജനപക്ഷപാതവും ചര്‍ച്ചയാകുന്നുണ്ട്. നടി കങ്കണ റണാവട്ട് അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തു വന്നു. ഇതിന്റെ ആഘാതം സാമൂഹിക മാദ്ധ്യമങ്ങളിലുമുണ്ടായി. കങ്കണയെ സാമൂഹിക മാദ്ധ്യമങ്ങളില്‍ പിന്തുടരുന്നവരുടെ എണ്ണം കൂടി. ഇന്‍സ്റ്റഗ്രാമില്‍ 2 ദശലക്ഷത്തില്‍ നിന്ന് 3.2 ദശലക്ഷമായാണ് നടിയുടെ ഫോളോവേഴ്‌സ് വര്‍ദ്ധിച്ചത്. സംവിധായകന്‍ കരണ്‍ജോഹറിന്റെ ഫോളോവേഴ്‌സ് 11 മില്യണില്‍ നിന്ന് 10.9 (ചൊവ്വാഴ്ച ഉച്ചവരെ) ആയി ചുരുങ്ങി.