കടം കൊടുത്ത പണം തിരിച്ചുതരാന്‍ വേണ്ടി വന്ന സ്ത്രീയെ അപമാനിക്കുന്ന വ്യക്തിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. കടം തിരിച്ചുനല്‍കാന്‍ വന്ന യുവതിയില്‍ നിന്ന് പണം വാങ്ങിയ ശേഷം യുവതിക്കുമുന്നില്‍ വെച്ചുതന്നെ അതു കീറിക്കളഞ്ഞ് പുറത്തേക്കെറിയുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. കീറിക്കളഞ്ഞ ആള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ വീഡിയോക്ക് താഴെ കമന്റായി വന്നിട്ടുണ്ട്. പണത്തിന്റെ മൂല്യത്തെ ഇത്രമേല്‍ നിരാകരിച്ച് അദ്ദേഹം നടത്തുന്ന ആഭാസത്തെ വേദനയോടെ നോക്കി നില്ക്കുന്ന സ്ത്രീയെയും വീഡിയോയിലുണ്ട്. കൊല്ലം കൊട്ടിയം പൊലീസ് ഇതുസംബന്ധിച്ചു ലഭിച്ച പരാതിയിന്മേല് അന്വേഷണം നടത്തുന്നുണ്ട്.
പ്രവാസിയായ ഭര്‍ത്താവ് നല്‍കാനുണ്ടായിരുന്ന 2500 രൂപ തിരിച്ചടക്കാന്‍ വേണ്ടി വന്നതായിരുന്നു യുവതി. തിരിച്ചടക്കാന്‍ അനുവദിച്ച സമയം വൈകി. അതേ തുടര്‍ന്നാണോ ഈ കീറിക്കളയല് എന്നു വ്യക്തമല്ല. കീറിക്കളയുന്നതിനിടെ ‘പാവങ്ങളാണത്’ അത് എന്നു പിന്നില്‍ നിന്ന് പറയുന്നതും വീഡിയോയില്‍ കേള്‍ക്കുന്നുണ്ട്. നല്കിയ പണം കീറിക്കളയുക എന്ന കുറ്റത്തിനു പുറമെ യുവതിയെ അപമാനിക്കുക കൂടി ചെയ്യുന്നതാണ് വീഡിയോ.
അതേസമയം തന്നോടുള്ള വൈരാഗ്യത്തിന്റെ പേരില്‍ വീഡിയോ തെറ്റായി പ്രചരിപ്പിച്ചതാണെന്ന് ആരോപിച്ച് ഇദ്ദേഹവും രംഗത്ത് വന്നു. പ്രവാസിയായ തന്റെ സുഹൃത്ത് നല്‍കാനുണ്ടായിരുന്ന പണം തിരിച്ചുനല്‍കാത്തതിന്റെ പേരില്‍ അദ്ദേഹവുമായി വാക്കുതര്‍ക്കം ഉണ്ടായിരുന്നെന്ന് ഈ വീഡിയോയില്‍ പറയുന്നു. അതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ ആ പണം വീട്ടില്‍ കൊണ്ടെത്തിച്ചു. ശേഷം പണംയുവതിക്കു തന്നെ കൊടുത്ത് വീണ്ടും തിരികെ തരാന്‍ പറഞ്ഞു. അത് തന്റെ ഭാര്യയെക്കൊണ്ട് വീഡിയോ എടുപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ രണ്ടാമത് യുവതിക്കു നല്കിയ പണം ഒറിജിനല്‍ ആയിരുന്നില്ലെന്നും ഉത്സവത്തിനു പോയപ്പോള്‍ മക്കള്‍ക്കു കളിക്കാന്‍ വേണ്ടി വാങ്ങിയ ഡ്യൂപ്ലിക്കേറ്റ് രൂപാ നോട്ടുകളായിരുന്നുവെന്നും ഇയാള്‍ പറയുന്നു. ്അതാണ് കീറിക്കളഞ്ഞതെന്നും തെളിവ് വെച്ച് വീഡിയോയില്‍ നിരത്തുന്നുണ്ട്. എന്നാല്‍ ഇത് സത്യമാണോ എന്ന് വ്യക്തമല്ല.