മോദിയുടെ പൗരത്വ സര്‍ട്ടിഫിക്കറ്റ് കാണിക്കാമോ? അതിന്റെ ആവശ്യമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൗരത്വ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കി പ്രധാനമന്ത്രിയുടെ ഓഫീസ്. ജന്മം കൊണ്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ പൗരനാണ് എന്നും സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടതില്ല എന്നുമാണ് ഓഫീസ് മറുപടി നല്‍കിയത്. ശുഭങ്കാര്‍ സര്‍ക്കാര്‍ എന്നയാളാണ് പ്രധാനമന്ത്രിയുടെ ഓഫീസിനോട് വിവരങ്ങള്‍ ആരാഞ്ഞത്.
‘നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ ദാസ് മോദിയുടെ പൗരത്വ സര്‍ട്ടിഫിക്കറ്റ് കാണിക്കാമോ’ എന്നായിരുന്നു ചോദ്യം.

മറുപടി കിട്ടിയത് ഇങ്ങനെ; ‘ 1955ലെ പൗരത്വ നിയമത്തിലെ വകുപ്പ് മൂന്ന് പ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജന്മം കൊണ്ട് ഇന്ത്യന്‍ പൗരനാണ്. അതു കൊണ്ടു തന്നെ പൗരത്വ രജിസ്‌ട്രേഷനു വേണ്ടി അദ്ദേഹത്തിന്റെ പൗരത്വ സര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്ന പ്രശ്‌നം ഉദിക്കുന്നേയില്ല’.

ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ടവിവാദം കൊടുമ്പിരി കൊള്ളുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പൗരത്വ രജിസ്റ്ററിനു വേണ്ടി വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്ന ഭീതി നിലനില്‍ക്കെയാണിത്. നിലവില്‍ അസമില്‍ മാത്രമാണ് എന്‍.ആര്‍.സി നടപ്പാക്കിയിട്ടുള്ളത്. പൗരത്വ ഭേദഗതി നിയമത്തിന് ശേഷമുണ്ടായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ദേശീയ തലത്തില്‍ എന്‍.ആര്‍.സി ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.