തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ബി.ജെ.പി വക്താവായി സംസാരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് മന്ത്രി എ.കെ ബാലന്. ഗവര്‍ണറെ ബഹിഷ്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. പ്രതിപക്ഷം ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിക്കുമ്പോഴാണ് മന്ത്രി ഗവര്‍ണറെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം കെ.പി.സി.സി സംഘടിപ്പിച്ച കെ. കരുണാകരന് അനുസ്മരണത്തില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച സാഹചര്യത്തില്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടെന്ന് പ്രതിപക്ഷനേതാവിന്റെ ഓഫീസ് കത്ത് നല്‍കുകയായിരുന്നു. പ്രതിപക്ഷം ഗവര്‍ണര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമ്പോള്‍ മന്ത്രി അദ്ദേഹത്തെ പിന്തുണച്ചത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ സര്‍ക്കാര്‍ നിലപാടില്‍ സംശയം ജനിപ്പിക്കുന്നതാണ്.