ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ പദം ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിച്ച് മുതിര്‍ന്ന നേതാവ് എ കെ ആന്റണി. ന്യൂഡല്‍ഹിയില്‍ ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് ആന്റണി ഇക്കാര്യം ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കേരളത്തില്‍ നി്ന്നുള്ള അംഗത്തെ പിന്തുണച്ചു.
കോണ്‍ഗ്രസിന് ഉചിതമായ നേതൃത്വമില്ലാത്തത് പലഘട്ടങ്ങളിലും തിരിച്ചടിയാകുന്നുണ്ടെന്ന് ആന്റണി പറഞ്ഞു. രാഹുല്‍ ഗാന്ധി എത്രയും വേഗം അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണം. കേരളം, ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ രാഹുല്‍ പാര്‍ട്ടിയെ നയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവില്‍ പ്രവര്‍ത്തനങ്ങള്‍ താത്കാലിക അധ്യക്ഷയുടെ നേതൃത്വത്തിലാണ് മുന്നോട്ടുപോകുന്നത്.
ആന്റണി പ്രവര്‍ത്തക സമിതിയില്‍ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ ഒന്നും പ്രതികരിക്കാതെ കേട്ടിരിക്കുക മാത്രമാണ് ചെയ്തത്. ഒരു പക്ഷേ, ജനുവരിയോടെ രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ എത്തുമെന്നാണ് സൂചന. നേരത്തെ അദ്ധ്യക്ഷ പദവിയിലേക്കില്ലെന്ന് രാഹുല്‍ ആവര്‍ത്തിച്ചിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെയാണ് രാഹുല്‍ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം രാജി വച്ചിരുന്നത്. രാജി പിന്‍വലിക്കാന്‍ ഏറെ സമ്മര്‍ദ്ദമുണ്ടായെങ്കിലും അദ്ദേഹം വഴങ്ങാതെ നില്‍ക്കുകയാണ്.