റോഡുകള്‍ കീഴടക്കി കാട്ടാനകള്‍; കൊടഗിലെ ദൃശ്യങ്ങള്‍ കാണാം

കൊറോണ വൈറസ് വ്യാപനത്തില്‍നിന്നുള്ള പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് നടപ്പാക്കിയ സമ്പൂര്‍ണ്ണ അടച്ചൂപൂട്ടലില്‍ മനുഷ്യനൊഴികെയുള്ള ജീവജാലങ്ങള്‍ക്ക് സൈ്വരവിഹാരത്തിന് അവസരമൊരുക്കിയിരിക്കുകയാണ്. 21 ദിവസത്തെ ലോക്ക്ഡൗണ്‍ കാട്ടാനകള്‍ക്ക് റോഡുകള്‍ തുറന്നുവെച്ച രീതിയിലായെന്ന് വ്യക്തനമാക്കുന്നതാണ് പുറത്തുവരുന്ന ദൃശ്യങ്ങള്‍.

ആളുകള്‍ വീടുകളിലേക്ക് കയറിയതോടെ പൊതുറോഡുകളില്‍ കാട്ടാനകളുടെ സൈ്വരവിഹാരമാണെന്ന് സമീപ വാസികള്‍ പറയുന്നു. കൊടഗു ജില്ലയിലെ വിരാജപേട്ടയിലെ മാല്‍ധാരെ ജംഗ്ഷനില്‍ ആനകൂട്ടം റോഡിലൂടെ നടക്കുന്ന ദൃശ്യങ്ങള്‍ വനംവകുപ്പ് പുറത്തുവിട്ടു. പതിനഞ്ചിലേറെ കാട്ടാനകളാണ് റോഡിലൂടെ നടന്നുനീങ്ങുന്നത്. ആനകളുടെ കൂട്ടയൊട്ടം നടക്കുന്ന പ്രതീതിയാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

ആളുകള്‍ പുറത്തിറങ്ങുന്നതും വാഹനങ്ങളുടെ കുറവും വന്യമൃഗ ശല്ല്യം കുറച്ചതായി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ചന്ദ്രികയോട് വ്യക്തമാക്കി.

അതേസമയം, വയനാട് ജില്ലയിലെ മേപ്പടി പ്രദേശത്ത് രണ്ട് കാട്ടു ആനകള്‍ കുളത്തില്‍ വീണു. ഒരു കൊമ്പനും പിടിയാനയുമാണ് ഇന്ന് രാവിലെ കയത്തില്‍ വീണത്. ഇവയെ നാട്ടുകാര്‍ ഉച്ചയോടെ രക്ഷപ്പെടുത്തി.

അതേസമയം,

വനാതിര്‍ത്തിയിലെ റോഡുകളില്‍ മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന നിര്‍ദ്ദേശവുമായി വനം വകുപ്പ് രംഗത്തെത്തി. കോവിഡ് -19 നുമായി ബന്ധപ്പെട്ടു സന്നദ്ധ സംഘടനകളും മറ്റും വന്യ ജീവികളായ വാനരന്മാര്‍ക്കും മറ്റും ഭക്ഷണം നല്‍കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പുമായി താമരശ്ശേരി റൈഞ്ച് ഫോറസ്റ്റ് ഓഫീസ് രംഗത്തെത്തിയത്.

താമരശ്ശേരി റൈഞ്ചിലെ വനമേഖലയില്‍ പെട്ടതും ദേശീയപാത 212 ന്റെ ഭാഗമായ വയനാട് ചുരം ഭാഗങ്ങളില്‍ കോവിഡ് -19 നുമായി ബന്ധപ്പെട്ടു സന്നദ്ധ സംഘടനകളും മറ്റും വന്യ ജീവികളായ വാനരന്മാര്‍ക് ഭക്ഷണം നല്‍കിയതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തിലും വന്യജീവികള്‍ക്ക് ഭക്ഷണം നല്‍കുന്നത് കുറ്റകരമാണെന്നും ഈ സാഹചര്യത്തില്‍ വന്യജീവികള്‍ക്ക് ഭക്ഷണം നല്‍കിയാല്‍ 1972 ലെ ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസ് എടുക്കുന്നതാണെന്നും താമരശ്ശേരി റൈഞ്ച് ഓഫീസര്‍ സുധീര്‍ നെരോത്ത് അറിയിച്ചു.