പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച വനിതയെ വളഞ്ഞിട്ടാക്രമിച്ച് ഒരു കൂട്ടം സ്ത്രീകള്‍; മുസ്ലിംകള്‍ക്കുനേരെയും ആക്ഷേപം

എറണാകുളം: പൗരത്വ ഭേദഗതി നിയമത്തിനെ വിമര്‍ശിച്ച യുവതിയെ വളഞ്ഞിട്ട് ആക്രമിച്ച് സംഘപരിവാര്‍ അനുകൂലികളായ ഒരു കൂട്ടം സ്ത്രീകള്‍. നിയമഭേദഗതിയെ അനുകൂലിച്ചുകൊണ്ട് വി.എച്ച്.പി സംസ്ഥാന കാര്യാലയത്തോട് ചേര്‍ന്ന പാവക്കുളം അമ്പലഹാളില്‍ നടന്ന പരിപാടിയില്‍ പ്രതിഷേധിച്ച യുവതിയെയാണ് ഒരുകൂട്ടം സ്ത്രീകള്‍ അക്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അഞ്ജിത ഉമേഷ് എന്ന യുവതിയാണ് പരിപാടിയില്‍ പ്രതിഷേധവുമായി എത്തിയത്.

ഇത് ഹിന്ദുവിന്റെ ഭൂമിയാണെന്നും ‘നിന്നെ വേണമെങ്കില്‍ കൊല്ലാന്‍ മടിക്കില്ലെ’ന്നും ‘നീയൊക്കെ ഹിന്ദുവാണോ?’ എന്നും പറഞ്ഞുകൊണ്ട് ഒരു സ്ത്രീ ഇവര്‍ക്ക് നേരെ പാഞ്ഞടുക്കുന്നതും ചിലര്‍ സ്ത്രീയെ ദേഹോപദ്രവം ഏല്‍പ്പിക്കുന്നതും ഇറങ്ങിപ്പോകാന്‍ പറയുന്നതും വീഡിയോയില്‍ കാണാം. മുസ്‌ലിം വിരുദ്ധ പ്രസ്താവനകളും സ്ത്രീകള്‍ നടത്തുന്നുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ യുവതിക്കെതിരെ അക്രമണത്തിന് ആഹ്വാനവും ഉയരുന്നുണ്ട്.