ലോക ഫുട്‌ബോളിന്റെ നെഞ്ചിലേക്ക് നിലമ്പൂരില്‍ നിന്നൊരു ഫ്രീകിക്ക്; കൈയടിച്ച് ലോകതാരങ്ങള്‍

മലപ്പുറം: അന്താരാഷ്ട്ര ഫുട്‌ബോള്‍ നിലവാരത്തിലുള്ളതോ അതിനും മേലെ നില്‍ക്കുന്നതോ ആയ ഒരു ഫ്രീകിക്ക് മലപ്പുറം നിലമ്പൂരിലെ കുട്ടികള്‍ പുറത്തെടുത്താലോ? അങ്ങനെ ഒരു ഫ്രീ കിക്കിന്റെ വീഡിയോ ആണ് ഇപ്പോള്‍ സ്‌പോര്‍ട്‌സ് ഗ്രൂപ്പുകളില്‍ ട്രെന്‍ഡിങ്. ജി.എല്‍.പി.എസ് പൂളപ്പാടം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥികളായ പ്രത്യുഷ്, അസ്‌ലഹ്, ആദില്‍, ലുഖ്മാനുല്‍ ഹക്കീം എന്നീ കുട്ടികളാണ് ഈ ഫ്രീ കിക്കിന് പിന്നില്‍.

പൊടിമണ്ണുള്ള സ്‌കൂള്‍ ഗ്രൗണ്ടില്‍ യൂണിഫോമില്‍ ചെരുപ്പില്ലാതെയായിരുന്നു ഇവരുടെ കളി. അസ്‌ലഹും ആദിലും ലുഖ്മാനുല്‍ ഹക്കീമും കിക്ക് എടുക്കുന്നതുപോലെ കാണിച്ച് കബളിപ്പിച്ച ശേഷം പ്രത്യുഷ് പന്ത് കിക്ക് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഗോള്‍കീപ്പര്‍ ആലോചിക്കുമ്പോഴേക്കും പ്രത്യുഷ് ആഘോഷം തുടങ്ങിയിരുന്നു.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധക ഗ്രൂപ്പായ മഞ്ഞപ്പടയുടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഒരു ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു.

ജര്‍മനിയുടെ മുന്‍താരം ലോതര്‍ മത്യാസും ലിവര്‍പൂളിന്റെ സൂപ്പര്‍ താരം ഷെര്‍ദാര്‍ ഷാഖിരിയുമെല്ലാം ഈ ഫ്രീ കിക്കിന്റെ ആരാധകരായത് നിമിഷങ്ങള്‍ക്കകമാണ്. നാലുപേരേയും അഭിനന്ദിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പിടുകയും ചെയ്തു ഇരുവരും.