‘തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പെരുന്നാളാണിത്’ ; ചാക്കില്‍ സ്‌നേഹം നിറച്ച് നൗഷാദ്

തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പെരുന്നാളാണിത്. പ്രളയക്കെടുതിയില്‍ വലഞ്ഞവര്‍ക്ക് സഹായമെത്തിക്കാന്‍ ശ്രമിച്ചവര്‍ ഒഴിഞ്ഞ കയ്യുമായി മടങ്ങേണ്ടി വരുമെന്ന് തോന്നിയതോടെ വഴിയോരക്കച്ചവടക്കാരനായ നൗഷാദ് സഹായവുമായി എത്തിയത് കേരളത്തിന്റെ അഭിമാനമായാണ്. പെരുന്നാളിന് വില്‍പ്പനക്ക് കരുതിയിരുന്ന വസ്ത്രങ്ങള്‍ ചാക്കില്‍ കുത്തി നിറച്ച് ക്യാമ്പുകളിലേക്ക് നല്‍കിയ നൗഷാദ് ഏവരേയും അമ്പരപ്പിച്ചു.

ബ്രോഡ് വേ മാര്‍ക്കറ്റില്‍ അവര്‍ വന്നപ്പോ ആരും ഒന്നും കൊടുക്കുന്നത് കണ്ടില്ല അതാണ് അവരെ വിളിച്ച് കൊണ്ടുപോയി ആവുന്നത് പോലെ സഹായിച്ചതെന്ന് നൗഷാദ്. എന്നെക്കൊണ്ട് ആവുന്ന സാധനങ്ങളൊക്കെ കൊടുത്തു. ഇതില്‍ നമ്മുക്ക് നഷ്ടമൊന്നും ഇല്ലല്ലോ എല്ലാം ലാഭമല്ലേയെന്ന് നൗഷാദ് ചോദിക്കുന്നു. സഹായം ചെയ്യരുതെന്ന് പറയുന്നവരോട് നൗഷാദിന് പറയാനുള്ളത് ഇത്രയാണ് വന്നപ്പോള്‍ ഒന്നും കൊണ്ടുവന്നിട്ടില്ല. പോകുമ്പോള്‍ ഒന്നും കൊണ്ടു പോവുന്നുമില്ല. പിന്നെന്തിനാണ് സഹായം ചെയ്യാന്‍ മടിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ നിന്നും വാര്‍ത്തകള്‍ കണ്ടും നിരവധിയാളുകളാണ് മട്ടാഞ്ചേരി സ്വദേശി നൗഷാദിനെ തിരക്കിയെത്തുന്നത്. ഫോണ്‍ വിളിച്ച് പെരുന്നാള്‍ ആശംസകള്‍ നല്‍കുന്നവരും ഏറെയാണ്. ആളുകളുടെ പ്രതികരണത്തില്‍ സന്തോഷമുണ്ടെന്ന് നൗഷാദ് പറഞ്ഞു. ഒപ്പം അവരും സജീവമാകാന്‍ പോവുകയാണെന്ന് പറഞ്ഞു. മാറി നിന്നവര്‍ക്ക് ഊര്‍ജ്ജസ്വലരാക്കാന്‍ തന്റെ പ്രവര്‍ത്തി ഉതകിയതില്‍ പടച്ചോനാണ് നന്ദി പറയുന്നത്.

നമ്മുക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യണം. ദൈവത്തിന്റെ കാരുണ്യം കൊണ്ടാണ് നമ്മുക്ക് ഒന്നും സംഭവിക്കാത്തത്. ഇതിന് മാത്രമല്ല പലകാര്യങ്ങള്‍ക്കും നമ്മുക്ക് സഹായം ചെയ്യാന്‍ കഴിയും. അതിന് മടി തോന്നി മാറി നില്‍ക്കണോയെന്ന് നൗഷാദ് ചോദിക്കുന്നു. നാളെ എനിക്കും നിങ്ങള്‍ക്കും വരാവുന്ന സംഭവങ്ങള്‍ തന്നെയാണ് ഇവിടെ നടന്നത്. കഴിഞ്ഞ വര്‍ഷത്തെ മഴ കൊച്ചിയേ വലച്ചത് ഓര്‍മ്മയില്ലേയെന്നും നൗഷാദ് ചോദിക്കുന്നു.

പല കാരണങ്ങള്‍ കൊണ്ട് സഹായം ചെയ്യാതിരിക്കുന്നവരുണ്ട്, മാറി നില്‍ക്കാന്‍ കാരണങ്ങള്‍ പലരും പലതാണ് പറയുന്നത്. പക്ഷേ എനിക്ക് ഇതാണ് ചെയ്യാന്‍ കഴിയുന്നത് അത് ഞാന്‍ ചെയ്യുക തന്നെ ചെയ്യുമെന്ന് നൗഷാദ് കൂട്ടിച്ചേര്‍ക്കുന്നു.

SHARE