‘കപില്‍ മിശ്രയും അനുരാഗ് താക്കൂറുമുള്ള പാര്‍ട്ടിയില്‍ തുടരില്ല’; ബി.ജെ.പിയില്‍നിന്നും രാജിവെച്ച് നടി

കൊല്‍ക്കത്ത: ദല്‍ഹിയില്‍ കലാപത്തിന് പിന്നാലെ ബി.ജെ.പിയില്‍നിന്നും രാജി പ്രഖ്യാപിച്ച് ബംഗാളി നടി സുഭദ്രാ മുഖര്‍ജി. ദല്‍ഹിയെ കലാപത്തിലേക്ക് നയിച്ച വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ കപില്‍ മിശ്രയ്ക്കും അനുരാഗ് താക്കൂറിനും എതിരെ പാര്‍ട്ടി നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് വിശദീകരിച്ചാണ് ഇവര്‍ രാജി വെച്ചത്. രാജിക്കാര്യം വളരെ ആലോചിച്ചെടുത്ത തീരുമാനമാണെന്നും സുഭദ്ര പറഞ്ഞു.

2013ലാണ് സുഭദ്രാ മുഖര്‍ജി ബി.ജെ.പിയില്‍ ചേര്‍ന്നത്. ‘ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായിട്ടാണ് ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. എന്നാല്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി പാര്‍ട്ടി ചെയ്യുന്നതൊന്നും ശരിയല്ല എന്നകാര്യം ഞാന്‍ ശ്രദ്ധിച്ചു. വിദ്വേഷം പരത്തുന്നതും മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്നതുമായ ആശയമാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നത്. പലകുറി ആലോചിച്ചതിന് ശേഷമാണ് ഞാന്‍ പാര്‍ട്ടി വിടാനുള്ള തീരുമാനത്തിലെത്തിയത്’, സുഭദ്രാ മുഖര്‍ജി പറഞ്ഞു.

കപില്‍ മിശ്രയെയും അനുരാഗ് താക്കൂറിനെയും പോലെയുള്ളവരുള്ള പാര്‍ട്ടിയില്‍നിന്നും വിട്ടുനില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു.

‘ദല്‍ഹിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു. നിരവധിപ്പേരാണ് കൊല്ലപ്പെട്ടത്. ധാരാളം പേര്‍ക്ക് പരിക്കേറ്റു. ഒരുപാട് ആളുകളുടെ വീടുകള്‍ കത്തിച്ചാമ്പലായി. കപില്‍ മിശ്രയ്ക്കും അനുരാഗ് താക്കൂറിനും എതിരെ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ആരും ഒരു നടപടിയും സ്വീകരിച്ചില്ല. എന്താണ് സംഭവിക്കുന്നത്? കലാപത്തിന്റെ ദൃശ്യങ്ങള്‍ എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ വിമുഖത കാണിക്കുന്ന പാര്‍ട്ടിയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഞാന്‍ മനസിലാക്കുന്നു’, സുഭദ്ര കൂട്ടിച്ചേര്‍ത്തു.