91കാരനായ കുവൈത്ത് അമീര്‍ ആശുപത്രിയില്‍; താല്‍ക്കാലിക അധികാരം കിരീടാവകാശിക്ക്

കുവൈറ്റ് സിറ്റി: കുവൈത്ത് ഭരണാധികാരി അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിനെ ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചു. ശസ്ത്രക്രിയയുടെ ഭാഗമായാണ് ശനിയാഴ്ച ആശുപത്രിയിലേക്ക് മാറ്റിയത്. ഭരണാധികാരി ആരോഗ്യത്തോടെ ഇരിക്കുന്നതായി കുവൈത്ത് ന്യൂസ് ഏജന്‍സി വ്യക്തമാക്കി.

ഞായറാഴ്ച രാവിലെ നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നതായി ന്യൂസ് ഏജന്‍സി വ്യക്തമാക്കി. എന്തിനാണ് ശസ്ത്രക്രിയ നടത്തിയത് എന്നത് സര്‍ക്കാര്‍ വിശദീകരിച്ചിട്ടില്ല. കിരീടാവകാശിയായ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹിനാണ് നിലവില്‍ ചില ഭരണച്ചുമതലകള്‍. താല്‍ക്കാലിമാണ് അധികാരക്കൈമാറ്റം.

കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ സന്ദര്‍ശനത്തിനിടയില്‍ കുവൈത്ത് ഭരണാധികാരി ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. കൊവിഡ് പ്രതിസന്ധിക്കിടയിലെ എണ്ണ വിപണി ഇടിവും സാമ്പത്തിക നഷ്ടവും മറി കടക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടരുകയാണ്. 41 ലക്ഷം ജനങ്ങളില്‍ 58000 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. നാനൂറ് മരണങ്ങളുമുണ്ടായി. 49,000 പേര്‍ അസുഖം അതിജീവിച്ചു എന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്.

2006 ജനുവരി മുതല്‍ കുവൈത്ത് ഭരിക്കുന്നത് ഷെയ്ഖ് സബാഹ് അല്‍ അഹ്മദാണ്. ഖത്തറിനെതിരെ അറബ് രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് പരിഹാരം കാണാന്‍ ഈയിടെ അദ്ദേഹം നടത്തിയ നയതന്ത്ര ശ്രമങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

SHARE