കൊവിഡ് 19; അമേരിക്കയില്‍ സ്ഥിതി ഗുരുതരം തന്നെ; മരണം 90,000 കവിഞ്ഞു

വാഷിങ്ടണ്‍: അമേരിക്കയില്‍ കോവിഡ് ഗുരുതരമായി തന്നെ തുടരുന്നു. ഇതിനോടകം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 90000 കവിഞ്ഞു. ഇതുവരെ 90944 പേരാണ് അമേരിക്കയില്‍ വൈറസ് ബാധമൂലം മരിച്ചത്. ഇന്നലെ മാത്രം 1500ലധികം പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ന്യൂയോര്‍ക്കിലെ മരണസംഖ്യ 27,574 ആണ്. അതേസമയം വൈറസ് ബാധിതരുടെ എണ്ണവും അനുദിനം വര്‍ധിക്കുകയാണ്. ഇതുവരെ 14,84,287പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

25,000ലധികം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 16,139 പേരുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്. ന്യൂയോര്‍ക്കില്‍ മാത്രം വൈറസ് ബാധിതരുടെ എണ്ണം 3,56000 കടന്നു. ന്യൂജേഴ്‌സിയില്‍ വൈറസ് ബാധിതരുടെ എണ്ണം 1,45000 കടന്നു. ഇവിടെ 10,150 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇല്ലിനോയ്‌സിലെ വൈറസ് ബാധിതരുടെ എണ്ണം 90,000 കടന്നു. ഇവിടുത്തെ മരണസംഖ്യ 4,058 ആണ്.

അതേസമയം, കൊവിഡിനുള്ള വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ വികസിപ്പിച്ചെടുക്കാനാകുമെന്നാണ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞത്. വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി ഗ്ലാക്‌സോ സ്മിത്ത് ക്ലൈനിന്റെ വാക്‌സിന്‍ വിഭാഗം മുന്‍ ഡയറക്ടര്‍ മോന്‍സെഫ് സ്ലാവൂയിയുടെ നേതൃത്വത്തിലുള്ള ഒരു സംഘത്തെ നിയോഗിച്ചതായും ട്രംപ് അറിയിച്ചു. ജനറല്‍ ഗുസ്താവെ പെര്‍ണ ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ ആയിട്ടുള്ള ദൗത്യത്തിന് ഓപ്പറേഷന്‍ വാര്‍പ്പ് സ്പീഡ് എന്നായിരിക്കും പേരെന്നും ഡോണാള്‍ഡ് ട്രംപ് പറഞ്ഞു.