ന്യൂയോര്‍ക്ക്: കൊവിഡ് 19 പകര്‍ച്ചവ്യാധി ഭീതിയില്‍ അമര്‍ന്ന അമേരിക്കയില്‍ ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് മരിച്ചു. ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച കുഞ്ഞിനെ തിവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഇത്രയും പ്രായം കുറവുള്ള കുട്ടി കൊവിഡ് ബാധയില്‍ മരിക്കുന്നത് ലോകത്തിലെ ആദ്യത്തെ സംഭവമാണ്.
കഴിഞ്ഞയാഴ്ച ഒന്‍പത് മാസം മാത്രം പ്രായമുള്ള കുട്ടി അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആറ് ആഴ്ച മാത്രം പ്രായമായ കുഞ്ഞിന്റെ മരണം അമേരിക്കയില്‍ സംഭവിച്ചത്.
അതേസമയം, മഹാമാരിയെ കീഴടക്കാന്‍ ട്രംപ് ഭരണകൂടത്തിന്റെ കോപ്പ്കൂട്ടലൊന്നും മതിയാകില്ലെന്നാണ് ആശങ്ക നിലനില്‍ക്കെ അമേരിക്കയില്‍ കൊവിഡ് മരണം ഉയരുകയാണ്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. മരണസംഖ്യയും വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 884 പേരാണ് അമേരിക്കയില്‍ മരിച്ചത്. ഒരു ദിവസത്തിനുള്ളില്‍ മരിക്കുന്ന ആളുകളുടെ എണ്ണത്തിലെ പുതിയ റെക്കോര്‍ഡാണിത്. അമേരിക്കയില്‍ ഇതിനകം 2,16000 ആളുകള്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 5,110 പേര് മരണപ്പെട്ടു. 8,878 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടിയത്.
ജനസംഖ്യയിലും സമ്പത്തിലും ഒന്നാം സ്ഥാനത്തുള്ള ന്യൂയോര്‍ക്കാണ് ചൈനയില്‍ വുഹാന്‍ എന്നപോലെ അമേരിക്കയിലെ വൈറസ് കേന്ദ്രമായി മാറിയത്. ലോകനഗരങ്ങളില്‍ തന്നെ ആദ്യസ്ഥാനത്ത് നില്ക്കുന്ന ന്യൂയോര്‍ക്ക് നഗരത്തില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ രാജ്യത്തെയാകെയും ലോകത്തെ തന്നെയും ഭയപ്പെടുത്തുന്നത്. അമേരിക്കയില്‍ ആകെ മരിച്ചവരില്‍ രണ്ടായിരത്തിലേറെ പേരും മരിച്ചത് ന്യൂയോര്‍ക്ക് സംസ്ഥാനത്താണ്. അരലക്ഷത്തിലേറെ ആളുകള്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ലക്ഷക്കണക്കിന് ആളുകളാണ് ആസ്പത്രികളിലും വീടുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നത്.
അതിനിടെ കോവിഡ് 19 ബാധിച്ച രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായ വെന്റിലേറ്ററുകള്‍, മെഡിക്കല്‍ സപ്ലൈസ്, മറ്റ് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ എന്നിവ റഷ്യയില്‍ നിന്ന് വാങ്ങാന്‍ ട്രംപ് സമ്മതിച്ചതായി റിപ്പോര്‍ട്ട്. ഇതിനിടെ മെഡിക്കള്‍ സഹായവുമായി റഷ്യയുടെ ചരക്ക് വിമാനം ന്യൂയോര്‍ക്കില്‍ ഇറങ്ങി്.