കരുതലിന്റെ കരങ്ങളുമായി ഇന്ത്യന്‍ നഴ്‌സുമാരുടെ സംഘം യു.എ.ഇയില്‍; ഊഷ്മള വരവേല്‍പ്പ്

ദുബൈ: കോവിഡ് മഹാമാരിയില്‍ യു.എ.ഇയിലെ സഹായിക്കാനായി എത്തിയ 88 അംഗ ഇന്ത്യന്‍ നഴ്‌സുമാരുടെ സംഘത്തിന് ഊഷ്മള വരവേല്‍പ്പ്. ശനിയാഴ്ച രാത്രി 8.20നാണ് ഇവര്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനമിറങ്ങിയത്. ബംഗളൂരുവില്‍ നിന്ന് ഫ്‌ളൈ ദുബൈയുടെ പ്രത്യേക വിമാനത്തിലാണ് ഇവര്‍ യു.എ.ഇയിലെത്തിയത്.

കേരള, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയേഴ്‌സ് ആശുപത്രികളില്‍ നിന്നുള്ള നഴ്‌സുമാരാണ് ഇവര്‍. എല്ലാവര്‍ക്കും ചുവന്ന റോസാപ്പൂക്കള്‍ നല്‍കിയാണ് യു.എ.ഇ അധികൃതര്‍ സ്വീകരിച്ചത്.

യു.എ.യില്‍ എത്തുന്ന നഴ്‌സുമാര്‍ രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയും. അതിനു ശേഷമാകും ഇവരെ ആശുപത്രികളില്‍ നിയോഗിക്കുക. ഇന്ത്യയ്ക്കാര്‍ക്കും മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കും വലിയ ആദരമാണ് ഇതെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡപ്യൂട്ടി മാനേജിങ് ഡയക്ടര്‍ അലിഷാ മൂപ്പന്‍ ഖലീജ് ടൈംസിനോട് പറഞ്ഞു.

ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ സാക്ഷ്യമാണ് ഈ സംരമമെന്ന് ദുബൈ ഹെല്‍ത്ത് അതോറ്റി ഡി.ജി ഹുമൈദ് അല്‍ ഖൗതമി പ്രതികരിച്ചു. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധവും സഹകരണവും ശക്തിപ്പെടുത്തുന്നതാണ് നഴ്‌സുമാരുടെ വരവെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂറും കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ വിപുലും പറഞ്ഞു.

യു.എ.ഇയില്‍ ഇതുവരെ 17,417 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ശനിയാഴ്ച മാത്രം 624 കേസുകളുണ്ടായി. 185 പേര്‍ മരണത്തിന് കീഴടങ്ങി.

SHARE