ധര്‍മശാല പിടിക്കാന്‍ ഇനി ഇന്ത്യക്ക് വേണ്ടത് 87 റണ്‍സ്

ധര്‍മശാല: മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 19 റണ്‍സ് എന്ന ഭേദപ്പെട്ട നിലയില്‍. 137 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യയുടെ മുരളി വിജയി(6)യും ലോകേഷ് രാഹുലു(13)മാണ് ക്രീസിലുള്ളത്. കളി ജയിക്കാന്‍ ഇനി ഇന്ത്യക്ക് 87 റണ്‍സ് കൂടിയേ വേണ്ടൂ. 10 വിക്കറ്റ് കൈയിലിരിക്കെ 87 റണ്‍സ് വിജയലക്ഷ്യം ഇന്ത്യക്ക് ഭീഷണിയല്ല.

മൂന്നാം ദിവസം ഇന്ത്യയെ 32 റണ്‍സ് ലീഡിന് ചുരുക്കിക്കെട്ടി ബാറ്റിങിനിറങ്ങിയ ഓസീസിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ഉമേഷ് യാദവും ഭുവനേശ്വര്‍ കുമാറും അശ്വിനും തിളങ്ങിയ കളിയില്‍ ഒരു ഘട്ടത്തിലും മികവ് പുലര്‍ത്താന്‍ ഓസീസിനായില്ല. ഫലമോ, 137 റണ്‍സെടുത്ത് ഇന്നിങ്‌സ് അവസാനിപ്പിക്കേണ്ടി വന്നു.

45 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍. അവസാന മൂന്ന് പേര്‍ പുറത്തായതാവട്ടെ, ഒരക്കം പോലും കാണാതെ. ഡേവിഡ് വാര്‍ണര്‍ (6), ക്യാപ്ടന്‍ സ്റ്റീവന്‍ സ്മിത്ത് (17), മാറ്റ് റിന്‍ഷോ (8), ഹാന്‍സ് കോംബ് (18), ഷോണ്‍ മാര്‍ഷ് (1), കമ്മിന്‍സ് (12), സ്റ്റീവ് ഓകീഫി (0), നഥാന്‍ ലയണ്‍ (0), ഹാസ്‌ലോവുഡ് (0) എന്നിങ്ങനെയായിരുന്നു ഓസീസ് പടയുടെ സ്‌കോര്‍ നില.

റിന്‍ഷോയെയും വാര്‍ണറെയും ഉമേഷ് യാദവ് മടക്കിയപ്പോള്‍ അപകടകാരിയായ സ്മിത്തിനെ ഭുവനേശ്വര്‍ കുമാര്‍ ആണ് പുറത്താക്കിയത്. ജഡേജയുടെ പന്തില്‍ ഷോര്‍ട്ട് ലെഗില്‍ പൂജാര പിടിച്ചാണ് ഷോണ്‍ മാര്‍ഷ് പുറത്തായത്. അശ്വിന്റെ എല്‍.ബി.ഡബ്ല്യു കുരുക്കിലാണ് മാക്‌സ്‌വെല്‍ വീണത്.

നേരത്തെ ഏഴാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയും (63) വൃദ്ധിമന്‍ സാഹയും (31) ചേര്‍ത്ത 96 റണ്‍സ് ആണ് ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സില്‍ ലീഡ് സമ്മാനിച്ചത്. ജഡേജ ഇന്ത്യയുടെ ടോപ് സ്‌കോറായപ്പോള്‍ ടീമിന്റെ മികച്ച പാര്‍ട്ണര്‍ഷിപ്പ് കൂടിയായി ഇത്. സ്‌കോര്‍ 117-ലെത്തിച്ച ശേഷമാണ് ജഡേജ മടങ്ങിയത്. പിന്നീട് 15 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് അവശേഷിക്കുന്ന വിക്കറ്റുകളും നഷ്ടമായി.

ജഡേജക്ക് ശേഷം ക്രീസിലെത്തിയ ഭുവനേശ്വര്‍ കുമാര്‍ അക്കൗണ്ട് തുറക്കും മുമ്പേ പുറത്തായി. തുടര്‍ന്നെത്തിയ കുല്‍ദീപ് യാദവിനെ പുറത്താക്കി നഥാന്‍ ലിയോണ്‍ ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിപ്പിച്ചു. നതാന്‍ ലിയോണ്‍ 92 റണ്‍സ് വഴങ്ങി അഞ്ചും പാറ്റ് കമ്മിന്‍സ് 94-ന് മൂന്നും വിക്കറ്റ് വീഴ്ത്തി.

പരമ്പരയിലെ നിര്‍ണായക മത്സരമാണ് ധര്‍മശാലയില്‍ നടക്കുന്നത്. മത്സരം ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാവും. നേരത്തെ പൂണെയില്‍ ഓസ്‌ട്രേലിയ ജയിച്ചപ്പോള്‍ ബംഗളൂരുവില്‍ ഇന്ത്യയും ജയിച്ചിരുന്നു. റാഞ്ചിയില്‍ നടന്ന മൂന്നാം ടെസ്റ്റ് സമനിലയിലുമായിരുന്നു.