ഇന്ത്യയില്‍ കോവിഡ് മരണം അയ്യായിരം കടന്നു; ഒരു ദിവസത്തിനിടെ 8380 പേര്‍ക്ക് രോഗം; റെക്കോര്‍ഡ് സ്ഥിരീകരണം

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് മരണ സംഖ്യ 5000 പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 193 പേരാണ് ഇന്ത്യയില്‍ മരിച്ചത്. ഇതടക്കം ആകെ മരിച്ചവരുടെ എണ്ണം 5164 ആയി. രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 182143 ആകുകയും ചെയ്തു.

ആശങ്കയായി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനേ കൂടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 8380 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇന്ത്യയില്‍ ഇതാദ്യമാണ്.

രാജ്യത്ത് പ്രഖ്യാപിച്ച നാലാംഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കുകയും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അതിവേഗത്തില്‍ കോവിഡ് വ്യാപിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസം ഏഴായിരത്തിന് മുകളിലായിരുന്നു പുതിയ രോഗികളുടെ എണ്ണം. ഇതാദ്യമയിട്ടാണ് എട്ടായിരത്തിന് മുകളില്‍ കടക്കുന്നതും. കണ്ടെയ്‌മെന്റ് സോണുകളൊഴികെ ലോക്ക്ഡൗണില്‍ നിന്ന് രാജ്യം പൂര്‍ണ്ണമായി പുറത്ത് കടക്കാനുള്ള നടപടികള്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ രോഗ വ്യാപനം കുത്തനേ കൂടുന്ന സാഹചര്യമാണുള്ളത്.

കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 65168 ആയി. 2197 പേര്‍ ഇതുവരെ മരിക്കുകയും ചെയ്തു. മരണ നിരക്ക് കൂടിയ ഗുജറാത്തില്‍ മരണം ആയിരം കടന്നു. ഗുജറാത്തില്‍ 16343 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 1007 പേര്‍ മരിച്ചു. തമിഴ്നാട്ടില്‍ 21184 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 160 മരമണാണ് റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്തെ ആകെ രോഗബാധിതരില്‍ 86984 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. 89995 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.