തുടരെ ഫോണ്‍ കോളുകള്‍; മറുപടി പറയാനാവാതെ ജീവനക്കാര്‍

അപകടത്തില്‍ മരിച്ച കെ എസ് ആര്‍ ടി സി ജീവനക്കാരായ വി ഡി ഗിരീഷ്, വി ആര്‍ ബൈജു എന്നിവരോടുള്ള ആദരാഞ്ജലി അര്‍പ്പിച്ച് എറണാകുളം ഡിപ്പോയിലെത്തിയ ബസ്സുകളില്‍ പോസ്റ്റര്‍ പതിക്കുന്നു

കൊച്ചി: കെഎസ്ആര്‍ടിസിയുടെ 82ാം ജന്മദിനത്തില്‍ പുലച്ചെ എറണാകുളം ഡിപ്പോയിലെത്തിയ ഫോണ്‍ കോളുകളൊന്നും ജന്മദിനാശംസകള്‍ നേരുന്നതായിരുന്നില്ല. സഹപ്രവര്‍ത്തകരായ ബൈജുവിന്റെയും ഗീരിഷിന്റെയും അപ്രതീക്ഷത മരണം അറിയിക്കുന്നതിനും അപകട വിവരങ്ങള്‍ തിരക്കുന്നതിനുമായിരുന്നു. അപകടം നടന്ന് മിനുറ്റുകള്‍ക്കകം പാലക്കാട് ഡിപ്പോയില്‍ നിന്നും എറണാകുളത്തേക്ക് വിവരം അറിയിക്കുമ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത് ട്രാഫിക് ഇന്‍സ്‌പെക്ടര്‍ ഹരിഹരന്‍ നായരായിരുന്നു. ഞെട്ടലോടെയാണ് സഹപ്രവര്‍ത്തകരുടെ അകാല വിയോഗം ഹരിഹരന്‍ കേട്ടത്. ഉടന്‍ തന്നെ ഡിപ്പോയിലെ ഉന്നത ഉദ്യോഗസ്ഥരെയടക്കം വിവരം അറിയിച്ചു. എന്നാല്‍ ബൈജുവിന്റെയും ഗിരീഷിന്റെയും വീട്ടില്‍ മരണ വാര്‍ത്ത അറിയിച്ചതുമില്ല.

കെ.എസ്.ആര്‍.ടി.സിയുടെ 82-ാം പിറന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു കേരളത്തിലും പുറത്തുമുള്ള ആനവണ്ടി പ്രേമികള്‍….എന്നാല്‍, അപകട വിവരം വാര്‍ത്തയായതോടെ യാത്രക്കാരുടെ ബന്ധുക്കളടക്കം നിരവധി പേരാണ് ഇന്നലെ രാവിലെ മുതല്‍ ഡിപ്പോയിലേക്ക് വിളിച്ചത്. ചിലര്‍ ഉദ്യോഗസ്ഥര്‍ക്ക് യാത്ര ചെയ്തിരുന്നവരുടെ ചിത്രങ്ങളടക്കം അയച്ച് നല്‍കി വിവരങ്ങള്‍ തിരിക്കിയതായും ഡ്യൂട്ടിയിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറഞ്ഞു. നേരത്തെ ഇതേ റൂട്ടില്‍ കണ്ടക്ടറായി പോയിരുന്ന സിംസിനും എത്തി നൂറുകണക്കിന് ഫോണ്‍ കോളുകള്‍. താന്‍ അല്ല ഡ്യൂട്ടിയിലുണ്ടായിരുന്നതെന്ന് അറിയിച്ചപ്പോള്‍ പലര്‍ക്കും ആശ്വാസമായെങ്കിലും സൃഹൃത്തുക്കളെ നഷ്ടപ്പെട്ട വേദനയിലായിരുന്നു സിംസ്.

രാവിലെ പത്തു മണിയോടെ തന്നെ ഗിരീഷിനും ബൈജുവിനും ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഇരുവരുടെയും ചിത്രങ്ങള്‍ പതിച്ച അനുശോചന ബോര്‍ഡുകള്‍ കൊണ്ട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡും പരിസരവും നിറഞ്ഞു. എറണാകുളത്ത് യാത്ര അവസാനിപ്പിക്കേണ്ടിയിരുന്ന യാത്രക്കാരുടെ വിവരങ്ങള്‍ അറിയുന്നതിന് ബന്ധുക്കള്‍ പലരും രാവിലെ തന്നെ ഡിപ്പോയില്‍ നേരിട്ടെത്തി വിവരങ്ങള്‍ തിരക്കി. സംസ്ഥാനത്ത് സര്‍ക്കാര്‍ ബസ് സര്‍വീസുകള്‍ ആരംഭിച്ചിട്ട് 82 വര്‍ഷം പൂര്‍ത്തിയാകുന്ന ദിനത്തില്‍ ഡിപ്പോയിലെ ഏറ്റവും ഊര്‍ജസ്വലരായ സഹപ്രവര്‍ത്തകരെ നഷ്ടമായതിന്റെ വേദനയില്‍ ഒന്നടങ്കം വിതുമ്പുകയാണ് മറ്റ് ജീവനക്കാര്‍. ഇന്ന് ഇരുവരുടെയും മൃതദേഹം ഡിപ്പോയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.