എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; എ.ബി.വി.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ആഗ്ര: എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം ശ്വാസം മുട്ടിച്ചു കൊന്ന കേസില്‍ ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ബി.വി.പിയുടെ പ്രവര്‍ത്തകന്‍ ഹരീഷ് ഠാക്കൂര്‍ അറസ്റ്റില്‍. എല്‍.എല്‍.ബി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഹരീഷ്.

ശനിയാഴ്ചയാണ് ആഗ്ര സെന്റ് ജോണ്‍സ് കോളേജ് ഗ്രൗണ്ടില്‍ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വസ്ത്രം ഊരിമാറ്റിയ നിലയിലായിരുന്നു. കോളേജിനു പുറത്തെ ഫുട്ട്പാത്തില്‍ കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ഹരീഷ് തട്ടിയെടുത്ത് ബലാത്സംഗം ചെയ്ത് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സൂചന.

ശനിയാഴ്ച പുലര്‍ച്ചെ കോളേജിനു പുറത്ത് മുത്തശ്ശിക്കൊപ്പം കിടന്നുറങ്ങുകയായിരുന്നു പെണ്‍കുട്ടി. കുട്ടിയുടെ അച്ഛനും അധികം അകലെയല്ലാതെ ഉണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന ഹരീഷ് പെണ്‍കുട്ടിയെ തോളിലെടുത്ത് കോളേജ് ഗ്രൗണ്ടില്‍ കടക്കുകയും ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയുമായിരുന്നു എന്ന് ഹരിപര്‍വത് പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മഹേഷ് ചന്ദ്ര ഗൗതം പറഞ്ഞു. തട്ടിയെടുക്കുമ്പോള്‍ ഉറക്കത്തിലായിരുന്ന കുട്ടി, ഉണര്‍ന്ന് ഒച്ചവെച്ചപ്പോള്‍ ഹരീഷ് വായ പൊത്തിപ്പിടിക്കുകയും പിന്നീട് വസ്ത്രമുപയോഗിച്ച് ശ്വാസം മുട്ടിക്കുകയുമായിരുന്നു.

ഞായറാഴ്ച രാവിലെ എട്ടു മണിക്കാണ് പെണ്‍കുട്ടിയുടെ മൃതശരീരം കോളേജ് സ്റ്റാഫ് കാണുന്നത്. മധുര സ്വദേശികളായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മൃതദേഹം തിരിച്ചറിയുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ അജ്ഞാത വ്യക്തിക്കെതിരെ ബലാത്സംഗം, കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ന്ന് കേസെടുത്തു. പോസ്റ്റ് മോര്‍ട്ടത്തില്‍ ബലാത്സംഗം നടന്നതായും ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതായും തെളിയുകയായിരുന്നു.

സി.സി.ടി.വി ഫുട്ടേജുകളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്ക് മുന്‍ ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് പൊലീസ് പറഞ്ഞു.

പ്രതിയായ ഹരീഷ് ഠാക്കൂര്‍ എ.ബി.വി.പിക്കാരനാണെന്ന് ഇയാളുടെ ഫേസ്ബുക്കില്‍ നിന്നും സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും വ്യക്തമാകുന്നു.