ഗുജറാത്തില്‍ കെമിക്കല്‍ ഫാക്ടറിയിലെ പൊട്ടിത്തെറി; എട്ടുമരണം

ഗുജറാത്തില്‍ കെമിക്കല്‍ ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണ എട്ടായി. ഭറൂച്ച് ജില്ലയിലെ ദഹേജിലെ സ്വകാര്യ ഫാക്ടറിയിലുണ്ടായ അപകടത്തില്‍ അറുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് സൂചന. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീപ്പിടുത്തമാണ് അപകടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചത്.

അഗ്രോ കെമിക്കല്‍ കമ്പനിയുടെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് എത്തിയ ഫയര്‍ എഞ്ചിനുകള്‍ രാത്രി വൈകിയും തീയണക്കുന്ന പ്രവര്‍ത്തികളിലാണ്.
പുലര്‍ച്ചയോടെ തീ നിയന്ത്രണ വിധേയമായെന്നാണ് വിവരം. അതേസമയം, ദേഹമാസകലം പൊള്ളലേറ്റ തൊഴിലാളി ആംബുലന്‍സ് കിട്ടാതെ റോഡിലെത്തിയത് വിവാദമായി. അപകട സ്ഥലത്തുനിന്നും തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായതായി വ്യക്തമാക്കുന്നതാണ് സാമൂഹ്യമാധ്യമങ്ങളില്‍ പുറത്തുവന്ന ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. നിരവധി പേര്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങി കിടക്കുന്നതായും പൊള്ളലേറ്റ ഇയാള്‍ പറയുന്നുണ്ട്.

നിസര്‍ഗ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്കടുക്കുന്ന അപകട സാഹചര്യത്തിനിടെയാണ് ഭാറൂച് ജില്ലയിലെ ദാഹെജ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ യശാശ്വി റസായന്‍ പ്രൈവറ്റ് ലിമിറ്റഡിലും സ്ഫോടനമുണ്ടായിരിക്കുന്നത്. അപകടം നടക്കുമ്പോള്‍ 200 ഓളം തൊഴിലാളികള്‍ ഫാക്ടറിയിലുണ്ടായിരുന്നതായാണ് വിവരം. അവരില്‍ ഭൂരിഭാഗവും ഉത്തര്‍പ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നും കുടിയേറിയവരാണ്.

ജനവാസം കുറഞ്ഞ സ്ഥലത്തെ ഫാക്ടറിയിലുണ്ടായ സ്‌ഫോടനം കമ്പനി അധികൃതരുടെ വീഴ്ചയായാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. ബറൂച്ച് ജില്ലാ കളക്ടര്‍ എം ഡി മോഡിയയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, അപകടം നടക്കുമ്പോള്‍ ഫാക്ടറിയില്‍ ഉത്തരവാദിത്തപ്പെട്ട ആരും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ ഫാക്ടറിയുടെ എന്‍ട്രി ഗേറ്റിലെ ഹാജര്‍ രജിസ്റ്ററില്‍ 231 പേരുടെ എന്‍ട്രികള്‍ ഉണ്ടായിരുന്നതായും വ്യക്തമാവുന്നു. സ്റ്റോറേജ് ടാങ്കിന് സമീപം നിന്ന് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടം നടന്ന് പരിക്കേറ്റവരെ ആസ്പത്രിയിലേക്ക് മാറ്റാനായി ആംബുലന്‍സുകള്‍ എത്തിക്കു്ന്നതിലും വീഴ്ച സംഭവിച്ചിട്ടുണ്ട്. കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ സമീപ പ്രദേശങ്ങളിലേക്ക് വിഷവാതകം പരക്കാനും സാധ്യതയുണ്ടയിരുന്നു.

പ്ലാന്റിനടുത്തുള്ള ഗ്രാമങ്ങളിലെ ആളുകളെ സുരക്ഷിത പ്രദേശങ്ങളിലേക്ക് കൊണ്ടുപോയതായി ജില്ലാ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. അതേസമയം അപകടത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അപകടത്തിന്റെതായി പുറത്തുവന്ന വിഷ്വലുകളില്‍ പ്ലാന്റ് നിന്ന പ്രദേശം കറുത്ത പുകയില്‍ മൂടിയിരിക്കുകയാണ്.