നിന്നനില്‍പ്പില്‍ കുഴഞ്ഞുവീണ് ആളുകള്‍; മരണം എട്ടായി; വിഷ വാതകം ബാധിച്ചത് രണ്ടായിരത്തോളം പേരെ

വിശാഖപട്ടണം: വ്യാഴാഴ്ച പുലര്‍ച്ചെ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ജില്ലയിലെ വെങ്കടപുരത്തെ എല്‍ജി പോളിമര്‍ ഫാക്ടറിയില്‍ നിന്നുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ എട്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശ് ഡിജിപി ഗൗതം സവാങ് ആറ് പേരുടെ മരണം സ്ഥിരീകരിച്ചു. അപകടത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിഷവാതം ശ്വസിച്ച് രണ്ടായിരത്തോളം ആളുകള്‍ രോഗബാധിതരാകുകയും റിപ്പോര്‍ട്ടുണ്ട്. 170 ഓളം പേരെ വിവധ ആസ്പത്രികളില്‍ ചിക്തസയിലെത്തിച്ചു.

പുലര്‍ച്ചെ മൂന്ന് മണിയോടെ ഗോപാലപട്ടണത്തെ എല്‍ജി പോളിമര്‍ ലിമിറ്റഡിലാണ് സംഭവം. അടുത്തുള്ള കോളനികളിലെ ആളുകള്‍ ഉറങ്ങുകയായിരുന്നു. വാതകത്തിന്റെ ഗന്ധം സഹിക്കാതെ തെരുവിലേക്ക് ഓടിയെത്തിയ നിരവധി ആളുകള്‍ റോഡുകളില്‍ കുഴഞ്ഞു വീഴുകയായിരുന്നു. കുട്ടികളും വൃദ്ധരും അടക്കം ധാരാളം ആളുകള്‍ അവരുടെ വീടുകള്‍ക്കുള്ളില്‍ ബോധരഹിതരായിട്ടുണ്ടെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സ്വരൂപ റാണി പറഞ്ഞു.

ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ പ്ലാന്റ് 40 ദിവസത്തിന് ശേഷം തുറന്നപ്പോളാണ് വിശാഖപട്ടണത്തെ വെങ്കടപുരത്തെ എല്‍ജി പോളിമറില്‍ നിന്നാണ് വാതക ചോര്‍ച്ചയുണ്ടാത്. പുലര്‍ച്ചെ 2.30 ഓടെയായിരുന്നു സംഭവം. ലോക്ക്ഡൗണിനെ തുടര്‍ന്ന് പൂട്ടിയിരുന്ന പ്ലാന്റ് ഇന്ന് പുലര്‍ച്ചയോടെ തൊഴിലാളികളെത്തി തുറന്നു. ഉടന്‍ തന്നെ ഗ്യാസ് ചേംബറുകള്‍ക്കുള്ളില്‍ അനിയന്ത്രിതമായ പൊട്ടിത്തെറിയുണ്ടാകുകയും ചോര്‍ച്ച സംഭവിക്കുകയുമായിരുന്നു. സ്‌പ്രേ ചെയ്ത് വാതകം നിയന്ത്രിക്കാനുള്ള പ്രാരംഭ ശ്രമങ്ങള്‍ ഫലമുണ്ടായില്ലെന്ന് ജില്ലാ കളക്ടര്‍ വി.വിനയ് ചന്ദ് പറഞ്ഞു. ദുര്‍ഗന്ധം കാരണം പോലീസിന് കോളനികളില്‍ പ്രവേശിക്കാന്‍ കഴിയില്ല. വീടുകളില്‍ നിന്ന് പുറത്തുവന്ന് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാന്‍ അവര്‍ ജനങ്ങളോട് ആവശ്യപ്പെട്ട് കോളനികള്‍ ചുറ്റി സഞ്ചരിച്ചു, ”അവര്‍ പറഞ്ഞു.