കേന്ദ്ര ശമ്പള കമ്മീഷന്‍ നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം; കടുത്ത നടപടികള്‍ വരാന്‍ സാധ്യത

കേന്ദ്ര ശമ്പള കമ്മീഷന്‍ നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. ഇതോടെ പത്ത് വര്‍ഷം കൂടുമ്പോള്‍ ശമ്പളം പരിഷ്‌കരിക്കുന്ന വ്യവസ്ഥ ഇല്ലാതാകും. ശമ്പളം ചുരുക്കലിന്റെ ഭാഗമാണ് നടപടിയെന്നാണ് സംശയിക്കപ്പെടുന്നത്. ക്ഷാമബത്തയും ശമ്പള പരിഷ്‌കരണവും പേരില്‍ മാത്രം ഒതുങ്ങും. ജീവനക്കാരെ പിരിച്ചുവിടുന്നതും പതിവായിരിക്കുകയാണ്.

ശമ്പള കമ്മീഷന്‍ നിര്‍ത്തലാക്കുന്നതോടെ ശമ്പളപരിഷ്‌കരണം തന്നെ രൂപമാറാനാണ് സാധ്യത. സ്വകാര്യ കുത്തക കമ്പനികള്‍ നടപ്പിലാക്കുന്ന രൂപത്തിലുള്ള ശമ്പള പരിഷ്‌കരണമാവുമുണ്ടാകുക എന്നാണ് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന. സര്‍ക്കാര്‍ വകുപ്പുകളില്‍ പ്രയോഗികമല്ലാത്ത വ്യവസായ വാണിജ്യ മേഖലയിലെ പണപ്പെരുപ്പത്തിന്റെയും ജോലിമികവിന്റെയും അടിസ്ഥാനത്തിലുള്ള ശമ്പള വര്‍ധന സംവിധാനമാവും വരുക. ഇപ്പോള്‍ ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശയാണ് പ്രബല്യത്തില്‍ ഉള്ളത്. ജീവനക്കാരുടെ ഒട്ടേറെ പ്രക്ഷോഭങ്ങള്‍ക്ക് ശേഷമാണ് പല ശുപാര്‍ശകളും നടപ്പാലാക്കിയത്.

ശമ്പളപരിഷ്‌കരണം ഇല്ലാതായാല്‍ പഴയ അടിസ്ഥാന ശമ്പളത്തിലാകും ക്ഷാമബത്തയും കണക്കാക്കുക. അടിസ്ഥാന ശമ്പളം പരിഗണിച്ചുള്ള ആനുകൂല്യങ്ങളും കുറയും. കൂടാതെ ബാങ്കുകളുടെ ഏകീകരണം പോലെ പല ചെലവ് ചുരുക്കല്‍ പദ്ധതികള്‍ നടപ്പിലാക്കാനും കേന്ദ്രസര്‍ക്കാര്‍ നീക്കമുണ്ട്. ഇത് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിലുപരി പുതിയ തൊഴില്‍സാധ്യതകളെ ഇല്ലാതാക്കാനും കാരണമാവും.

അതേസമയം നിലവില്‍ തന്നെ വിവിധ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ജീവനക്കാരെ പിരിച്ചുവിടുന്നത് പതിവായിരിക്കുകയാണ്. താഴ്ന്ന തസ്തികകളിലുള്ള 1083 പേരെയാണ് കഴിഞ്ഞ അഞ്ച് മാസത്തിനിടെ പിരിച്ചുവിട്ടത്. ശമ്പളച്ചെലവ് കുറച്ച് സാമ്പത്തികപ്രതിസന്ധി മറികടക്കാനാണ് നടപടിയെന്നാണ് കേന്ദ്രത്തിന്റെ വാദം. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടിനെ തുടര്‍ന്ന് രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന് ജീവനക്കാര്‍ ഇരയാക്കപ്പെടുകയാണെന്ന് വ്യാപക ആക്ഷേപം ഉയരുന്നുണ്ട്.

SHARE