മുംബൈ: കൊറോണ ഏറ്റവും കൂടുതല്‍ ദുരിതം വിതയ്ക്കുന്ന മഹാരാഷ്ട്രയില്‍ പോലീസ് സേനയില്‍ മാത്രം 786 പേര്‍ക്ക് കോവിഡ്. ഇവരില്‍ 76 പേര്‍ രോഗവിമുക്തരായപ്പോള്‍ 703 പേര്‍ രോഗികളായി തുടരുകയാണ്.
അതേസമയം, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുകയാണ്. രാജ്യത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2000 കടന്നു. 62,700 പേരാണ് കോവിഡ് ബാധിതര്‍. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഗണ്യമായി കൂടിക്കൊണ്ടിരിക്കുകയാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വിദേശത്തു നിന്നുള്ളവരും തിരിച്ചെത്തിക്കൊണ്ടിരിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
മരണങ്ങളില്‍ 42 ശതമാനവും മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂവായിരത്തിലേറെയാണ്. ആറ് ദിവസം കൊണ്ടാണ് രോഗബാധിതരുടെ എണ്ണം നാല്‍പതിനായിരത്തില്‍ നിന്ന് അറുപതിനായിരത്തിലേക്ക് ഉയര്‍ന്നത്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ശനിയാഴ്ച്ച വരെ 1,981 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. രോഗബാധിതരുടെ എണ്ണം 59,662 ആയി. 24 മണിക്കൂറിനിടയില്‍ 95 മരണങ്ങളും 3,320 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.