മുംബൈ: വിചാരണത്തടവുകാരന് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ദിവസങ്ങള്‍ക്കകം മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ കൂട്ട വൈറസ് ബാധ. 77 തടവുപുള്ളികള്‍ക്കും 26 ജീവനക്കാര്‍ക്കും അടക്കം 103 പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. എണ്ണൂറ് പേര്‍ക്ക് താമസിക്കാന്‍ ശേഷിയുള്ള ജയിലില്‍ നിലവിലുള്ളത് 2600 പേരാണ്.
ഒരു രോഗിയും അസുഖ ലക്ഷണം കാണിച്ചിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു. രോഗികളെ സെന്റ് ജോര്‍ജ് ഹോസ്പിറ്റലിലും ജി.ടി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ആശുപത്രികള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചതായും മന്ത്രി വ്യക്തമാക്കി.
മാര്‍ച്ച് 23ന് ജയിലുകളിലെ വിചാരണത്തടവുകാരെ മോചിപ്പിച്ച് തിരക്ക് കുറയ്ക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.
ഏപ്രില്‍ 24ന് ബോംബെ ഹൈക്കോടതി 4060 തടവുകാര്‍ക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തു. ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് 700 പേരെയാണ് വിട്ടയച്ചിരുന്നത്. നാനൂറ് പേരെ തലോജ ജയിലിലേക്ക് ഒരു മാസത്തേക്ക് മാറ്റിയിരുന്നു. സംസ്ഥാനത്തെ ഒമ്പത് സെന്‍ട്രല്‍ ജയിലുകളിലായി 26,000 തടവുകാരാണ് ഉള്ളത്. 14000 തടവുകാര്‍ക്ക് മാത്രമാണ് ഈ ജയിലുകളില്‍ കഴിയാനുള്ള സൗകര്യമുള്ളത്.