ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്; എറണാകുളം ജില്ലയില്‍ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കൊച്ചി: കനത്തെ മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കണയന്നൂര്‍ താലൂക്കില്‍ കണയന്നൂര്‍ താലൂക്കില്‍ എളംകുളം, പൂണിത്തുറ, എറണാകുളം, ഇടപ്പള്ളി നോര്‍ത്ത്, ഇടപ്പള്ളി സൗത്ത് വില്ലേജുകളിലായി ഏഴും, കൊച്ചി താലൂക്കില്‍ നായരമ്പലം തോപ്പുംപടി വില്ലേജുകളിലായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകളുമാണ് തുറന്നിരിക്കുന്നത്. കണയന്നൂര്‍ താലൂക്കില്‍ ഗവണ്‍മെന്റ് എച്ച്എസ്എസ് പനമ്പിള്ളിനഗര്‍, സെന്റ് റീത്താസ് എച്ച്എസ്എസ് പൊന്നുരുന്നി, കമ്മ്യൂണിറ്റി ഹാള്‍ ശാന്തിപുരം, സിസിപി എല്‍എം തേവര, ഗവണ്‍മെന്റ് എച്ച്എസ് ഇടപ്പള്ളി, ഉദയനഗര്‍ എസ് ഡി കോണ്‍വെന്റ് ഗാന്ധിനഗര്‍, വെണ്ണല ജിഎച്ച്എസ് എന്നിവിടങ്ങളിലും കൊച്ചി താലൂക്കില്‍ ദേവി വിലാസം എല്‍ പി എസ്, ജിഎച്ച്എസ് പനയപ്പിള്ളി എന്നിവിടങ്ങളിലുമാണ് ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നിരിക്കുന്നത്. ക്യാമ്പുകളില്‍ 1600 ഓളം പേര്‍ നിലവിലുണ്ട്.

തുലാവര്‍ഷത്തോടനുബന്ധിച്ച് ശക്തമായ മഴ പ്രവചിക്കപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് വിവിധിയിടങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്ന ഏഴ് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടും കണ്ണൂരും കാസര്‍ഗോഡും യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ നാളെ ( ഒക്ടോബര്‍ 22)
അവധി പ്രഖ്യാപിച്ചു. നാളെ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം മണ്ഡലത്തില്‍ ഇതുവരെ 28124 ( 36.91%)പുരുഷന്‍മാരും
24115 ( 30.47%)സ്ത്രീകളും വോട്ട് രേഖപ്പെടുത്തി.

SHARE