ചടങ്ങ് ബഹിഷ്‌കരിക്കുന്നതിനോട് യോജിപ്പില്ല; അവാര്‍ഡ് സ്മൃതി ഇറാനി തന്നാലും സ്വീകരിക്കുമെന്ന് യേശുദാസും ജയരാജും

ന്യൂഡല്‍ഹി: 65-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുമ്പോള്‍, അവാര്‍ഡ്ദാന ചടങ്ങ് ബഹിഷ്‌കരിക്കുന്നതിനോട് യോജിപ്പില്ലെന്ന് അറിയിച്ച് ഗായകന്‍ യേശുദാസും സംവിധായകന്‍ ജയരാജും രംഗത്ത്. അവാര്‍ഡ് രാഷ്ട്രപതി പകരം സ്മൃതി ഇറാനി നല്‍കിയാലും സ്വീകരിക്കുമെന്ന് ഇരുവരും അറിയിച്ചു. നേരത്തെ ഇരുവരും അവാര്‍ഡ്ദാനം രാഷ്ട്രപതി തന്നെ നിര്‍വഹിക്കണമെന്ന് ആവശ്യപ്പെട്ട് പുരസ്‌കാര ജേതാക്കള്‍ മന്ത്രാലയത്തിന് നല്‍കിയ പരാതിയില്‍ ഒപ്പിട്ടിരുന്നു. അതേസമയം നിവേദനത്തില്‍ മാത്രമാണ് ഒപ്പുവച്ചത്. വിവേചനത്തില്‍ പ്രതിഷേധിച്ചാണ് നിവേദനത്തില്‍ ഒപ്പിട്ടതെന്നും യേശുദാസ് മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇന്നു നാലിനു വിജ്ഞാന്‍ ഭവനിലാണ് അവാര്‍ഡ് ദാനം. രാഷ്ട്രപതിയില്‍ നിന്നു പുരസ്‌കാരം ഏറ്റുവാങ്ങുന്നത് 11 പേര് മാത്രമാണെന്ന് മന്ത്രാലയം അറിയിച്ചിരുന്നു. ഇവരെ എന്ത് അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തതെന്നു ചോദിച്ച് അവാര്‍ഡ് ജേതാക്കള്‍ പ്രതിഷേധം അറിയിച്ചിരുന്നു. ആദ്യം പലരും ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന നിലപാട് സ്വീകരിച്ചു. പക്ഷേ ഇപ്പോള്‍ പുരസ്‌കാര ജേതാക്കളില്‍ മിക്കവരും നിലപാടില്‍ അയവ് വരുത്തിയിട്ടുണ്ട്. പുരസ്‌കാരത്തിനുള്ള ക്ഷണക്കത്തില്‍ രാഷ്ട്രപതി വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെന്നും അവസാന നിമിഷത്തെ മാറ്റം അംഗീകരിക്കാനാവില്ലെന്നുമാണ് ജേതാക്കളില്‍ പലരും പറയുന്നത്. തെരഞ്ഞെടുക്കപ്പെട്ട 11 പേരില്‍ കേരളത്തില്‍ നിന്നു സംവിധായകന്‍ ജയരാജ്, ഗായകന്‍ കെ.ജെ.യേശുദാസ് എന്നിവര്‍ മാത്രമാണുള്ളത്.