ടാങ്കില്‍ നിന്നും വെള്ളമെടുത്തതിന് മധ്യവയസ്‌കനെ തല്ലിക്കൊന്നു; നാലു പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ടാങ്കില്‍ നിന്നും വെള്ളമെടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ 60കാരനെ തല്ലിക്കൊന്നു. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വസീര്‍പൂരിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാവാത്ത ഒരാളുള്‍പ്പെടെ നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു. എസ്.എസ് നഗറിലെ താമസക്കാരനായ ലാല്‍ ബഹദൂറാണ് അക്രമികളുടെ മര്‍ദ്ദനമേറ്റ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 3.30 ഓടെയാണ് സംഭവം. കോളനിയിലെത്തിയ വാട്ടര്‍ ടാങ്കറില്‍ നിന്നും വെള്ളമെടുക്കുന്നതിനെ ചൊല്ലി ലാല്‍ ബഹദൂറിന്റെ മകനും മറ്റു ചിലരും തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ അവസാനിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ നിന്നും ഇരു വിഭാഗത്തേയും മാറ്റുന്നതിനിടെയാണ് ലാല്‍ ബഹദൂറിന് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനമേറ്റ ബഹദൂറിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

SHARE