
എ.കെ.എം ഹുസൈന്
കൊല്ലം: ദേശീയ പൗരത്വ പട്ടിക തയാറാക്കി ഏതെങ്കിലും ഒരു വിഭാഗത്തെ ഈ രാജ്യത്തുനിന്നു പുറത്താക്കാമെന്നത് സംഘ്പരിപാറിന്റെ വ്യാമോഹമാണെന്നും എല്ലാ മതക്കാരും സൗഹാര്‍ദ്ദത്തിലും ഐക്യത്തിലും ജീവിച്ചുപോന്ന പാരമ്പര്യമാണ് ഇന്ത്യക്കുള്ളതെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക സമാപന മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. ജനലക്ഷങ്ങള്‍ അണി നിരന്ന മഹാസമ്മേളനത്തോടെയാണ് മൂന്നു ദിവസമായി കൊല്ലം ആശ്രാമം മൈതാനിയില്‍ പ്രത്യേകം സജ്ജമാക്കിയ കെ.ടി മാനു മുസ്ലിയാര് നഗറില്‍ നടന്ന 60ാം വാര്‍ഷിക സമ്മേളനത്തിന് കൊടിയിറങ്ങിയത്.
മാതേതര, ജനാധിപത്യ ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ പേടിപ്പെടുത്തുന്നതാണെന്ന് തങ്ങള്‍ പറഞ്ഞു. മതത്തിന്റെ പേരില്‍ വിഭാഗീയത ഉണ്ടാക്കി രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ മഹിതമായ പാരമ്പര്യത്തിന് നിരക്കാത്തതുമാണ്. വിവേചനപരവും വിഭാഗീയവുമായ നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം- തങ്ങള്‍ പറഞ്ഞു.
നൂറ്റാണ്ടുകളായി നിലനിന്ന ആദര്‍ശ വിശുദ്ധിക്ക് പോറലേല്‍പ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുകയും പാരമ്പര്യങ്ങളെ ചോദ്യം ചെയ്യുകയും ചെയ്ത അവസരത്തിലാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകൃതമായത്. മദ്റസാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തോടെ കേരളത്തിലെ വൈജ്ഞാനിക പ്രസരണ രംഗത്ത് വലിയ ചലനം സൃഷ്ടിക്കാന്‍ സമസ്തക്കായി. ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ രൂപീകരണത്തോടെ ചിതറിക്കിടന്ന ഇസ്ലാമിക വിദ്യഭ്യാസ സംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് കെട്ടുറപ്പും ഭദ്രതയും നല്കാന് സാധിച്ചു. അറുപതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ പതിനായിരത്തോളം മദ്റസകളും ലക്ഷക്കണക്കിന് അധ്യാപകരും വിദ്യാര്‍ഥികളും സമസ്തക്കുണ്ടെന്നത് അഭിമാനകരമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.