കുറ്റിയാടിയിലെ കൊലവിളി; ആറ് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോഴിക്കോട്: കുറ്റിയാടിയില്‍ പൗരത്വനിയമഭേദഗതി അനുകൂല പൊതുയോഗത്തിന് മുന്‍പ് പ്രദേശത്തെ കടകളടച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രകോപന മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ ബിജെപി പ്രവര്‍ത്തകരാണ്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഇവര്‍ക്കൊപ്പം കണ്ടാലറിയാവുന്ന നൂറ് പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

‘ഉമ്മപ്പാല് കുടിച്ചെങ്കില്‍ ഇറങ്ങിവാടാ പട്ടികളേ, ഓര്‍മയില്ലേ ഗുജറാത്ത്’ എന്നു തുടങ്ങി വിദ്വേഷം നിറച്ച മുദ്രാവാക്യങ്ങളാണ് ജാഥയിലുടനീളം പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. പൊലീസ് സാനിധ്യത്തിലായിരുന്നു വിദ്വേഷമുദ്രാവാക്യം. സംഭവത്തില്‍ നടപടിയുണ്ടാകുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നെങ്കിലും നടപടി വേണ്ടെന്ന് ബിജെപി നേതാവ് എംടി രമേശ് പ്രതികരിച്ചിരുന്നു.

അതിനിടെ കുറ്റിയാടിയില്‍ ബിജെപിയുടെ പൗരത്വനിയമഭേദഗതി അനുകൂല പൊതുയോഗത്തിന് മുന്‍പ് പ്രദേശത്തെ കടകള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിച്ച സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ കേസെടുത്തു. ഒത്തു ചേര്‍ന്ന് കലാപം ഉണ്ടാക്കാനും സ്പര്‍ദ്ധപരത്താനും ശ്രമിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

SHARE